അഡ്ലെയ്ഡില് മിന്നല്‍ വില്ലനായി; രണ്ടാം ദിനം കളിയവാനിക്കുമ്പോള് ഓസീസിന് മേല്‍ക്കൈ

അഡ്ലെയ്ഡ്: രണ്ടാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പരുങ്ങലിൽ.
മത്സരത്തിനിടെയുണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് അമ്പയർമാർ രണ്ടാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. സ്റ്റമ്പെടുക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 473-നേക്കാൾ 456 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്.
ഡേവിഡ് മലാൻ (1*), ക്യാപ്റ്റൻ ജോ റൂട്ട് (5*) എന്നിവരാണ് ക്രീസിൽ. ഓപ്പണർമാരായ ഹസീബ് ഹമീദ് (6), റോറി ബേൺസ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
നേരത്തെ ഓസീസ് ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. സെഞ്ചുറി നേടിയ മാർനസ് ലബുഷെയ്ൻ (103) അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണർ (95), സ്റ്റീവ് സ്മിത്ത് (93), അലക്സ് കാരി (51) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്

