തകർത്തടിച്ച് ഗില്‍, ന്യൂസീലൻഡിനെതിരെയും സെഞ്ചറി; ഇന്ത്യ 30 ഓവറിൽ നാലിന് 185

ഹൈദരാബാദ്∙ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന് സെഞ്ചറി. ഏകദിന കരിയറിൽ താരത്തിന്റെ മൂന്നാം സെഞ്ചറിയാണിത്. 87 പന്തിൽ നിന്നാണ് താരം സെഞ്ചറിയിലെത്തിയത്. 14 ഫോറും രണ്ടു സിക്സും ഗിൽ ബൗണ്ടറി കടത്തി. ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ ഏകദിനത്തിലും ഗിൽ സെഞ്ചറി നേടിയിരുന്നു. മത്സരം 30 ഓവറുകള്‍ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മൻ ഗിൽ (88 പന്തിൽ 100), ഹാർദിക് പാണ്ഡ്യ (അഞ്ച് പന്തിൽ രണ്ട്) എന്നിവരാണു ക്രീസിൽ.
ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ (38 പന്തിൽ 34), വിരാട് കോലി (10 പന്തിൽ എട്ട്), ഇഷാൻ കിഷൻ (14 പന്തിൽ അഞ്ച്), സൂര്യകുമാർ യാദവ് (26 പന്തിൽ 31) എന്നിവരാണു പുറത്തായത്. മികച്ച തുടക്കമാണ് ഓപ്പണർമാർ ഇന്ത്യയ്ക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ 60 റൺസ് രോഹിതും ഗില്ലും ചേർന്നു കൂട്ടിച്ചേർത്തു. ബ്ലെയർ ടിക്നറിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്താണ് ഇന്ത്യൻ ക്യാപ്റ്റന്റെ പുറത്താകൽ. കോലിയും ഇഷാനും നിരാശപ്പെടുത്തി.
കോലി മിച്ചൽ സാന്റ്നറുടെ പന്തിൽ ബോൾഡായപ്പോൾ, ഇഷാൻ ലോക്കി ഫെർഗൂസന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാതം ക്യാച്ചെടുത്തു പുറത്തായി. നാലു ബൗണ്ടറുകളോടെ 31 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റ് ഡാരിൽ മിച്ചലിനാണ്. മിച്ചൽ സാന്റ്നർ ക്യാച്ചെടുത്താണു സൂര്യയെ പുറത്താക്കിയത്.
മെസ്സി- റൊണാൾഡോ പോരാട്ടം കാണാൻ ലേലം വിളി; ടിക്കറ്റ് വിറ്റത് 22 കോടിക്ക്
രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നിനെ പിന്തുണച്ചേക്കും. 2019 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഈ മൈതാനത്ത് ഇന്ത്യയുടെ അവസാന ഏകദിനം. അന്ന് സ്പിന്നർമാരുടെ മികവിൽ ഓസ്ട്രേലിയയെ ഇന്ത്യ 236 റൺസിലൊതുക്കിയിരുന്നു. മത്സരസമയത്ത് തെളിഞ്ഞ കാലാവസ്ഥയാകും. കൂടിയ താപനില 31 ഡിഗ്രി.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ന്യൂസീലൻഡ്– ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൻ, ബ്ലെയർ ടിക്നർ”
Y

