പൈവളികയിലെ ആഷിഫിന്റെ മരണം: ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കണമെന്ന് എസ്.ഡി.പി.ഐ

ഉപ്പള: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ പൈവളികെ കയർകട്ടയിൽ ടിപ്പർ ലോറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബായാർപദവ് കാംകോ കോപൗണ്ടിന് സമീപവാസിയായ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ആഷിഫിന്റെ വീട് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം നേതാക്കൾ സന്ദർശിച്ച് കുടുംബാംഗങ്ങളുമായി ആശ്വാസവാക്കുകൾ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ 3:20 മണിയോടെയായിരുന്നു ആഷിഫിനെ ടിപ്പർ ലോറിയിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ഹൈവേ പട്രോളിംഗ് പോലീസും നാട്ടുകാരും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ 2 മണിയോടെ ബന്ധുവായ ഒരാൾ ആഷിഫിനെ ഫോണിൽ വിളിച്ചതിന് ശേഷമാണ് അദ്ദേഹം വീട്ടിൽനിന്ന് ടിപ്പറിലേക്ക് പോയത്. വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയായിരുന്നു സംഭവം.
ടിപ്പർ ലോറിയുടെ ഡ്രൈവർ സീറ്റിന് സമീപവും ലോറിയിനുള്ളിലും രക്തക്കറ കണ്ടെത്തിയതും, ഒടിഞ്ഞ മുളവടി പോലുള്ള വസ്തു ലോറിയിൽ നിന്ന് കണ്ടെടുത്തതും മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതായി സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ഷബീർ പോസോട്ട്, സുബൈർ മഞ്ചേശ്വരം, താജുദീൻ ഉപ്പള, അഷ്‌റഫ് ബഡാജെ എന്നിവരാണ് ആഷിഫിന്റെ കുടുംബത്തെ സന്ദർശിച്ചത്.

