ഗാന്ധിജി ഇന്ന് പുനർജനിച്ചാൽ ഈ രാജ്യത്തിന് സംഭവിച്ചതുകണ്ട് അദ്ദേഹം ലജ്ജിക്കും; ഫറൂഖ് അബ്ദുള്ള

ഇന്ത്യൻ ജനത പോരാടിനേടിയ ജനാധിപത്യം ഇതല്ല. നമ്മൾ തടവുകാരായി കഴിയുന്ന ഒരു ജനാധിപത്യത്തിനുവേണ്ടിയല്ല നമ്മുടെ പൂർവികർ ബ്രിട്ടീഷുകാരെ ഈ നാട്ടിൽനിന്ന് തുരത്തിയത്. നിങ്ങൾ എവിടെനിന്നുള്ളവരാണെന്നോ എന്തുകഴിക്കുന്നുവെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ എവിടെ ആരോട് പ്രാർഥിക്കുന്നുവെന്നോ നോക്കാതെ എല്ലാവർക്കും തുല്യബഹുമാനം ലഭിക്കുന്ന ഒരു ഇന്ത്യക്കുവേണ്ടിയാണ് അവർ പോരാടിയത്. ഗാന്ധിജി ഇന്ന് പുനർജനിച്ചാൽ ഈ രാജ്യത്തിന് സംഭവിച്ചതുകണ്ട് അദ്ദേഹം ലജ്ജിക്കും.
ഇതൊരു ഫെഡറൽ രാജ്യമാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അവരവരുടേതായ അധികാരങ്ങളുണ്ടാകണം, ഇരുവരും ചേർന്നാണ് ഭാവി പടുത്തുയർത്തേണ്ടത്. എന്നാൽ, ഇന്ന് കേന്ദ്രം എല്ലാം നിയന്ത്രിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽപ്പോലും കടന്നുകയറുന്നു. ഇതിന് നമ്മൾ വലിയ വിലനൽകേണ്ടിവരുന്നു. കേന്ദ്രത്തിൽനിന്നുള്ള ഇത്രയധികം നിയന്ത്രണങ്ങൾക്കിടയിലും ദാരിദ്ര്യം ഏതാണ്ട് തുടച്ചുനീക്കപ്പെട്ട ഒരു സംസ്ഥാനമായി കേരളത്തെ വികസിപ്പിക്കാൻ സാധിച്ചുവെന്നത് അദ്‌ഭുതമാണ്.
കശ്മീർ സംസ്ഥാനത്തെ നോക്കൂ. വിഭജനസമയത്ത് എളുപ്പത്തിൽ അത് പാകിസ്താന്റെ ഭാഗമാകാമായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഒരു വശത്ത് ഐക്യത്തിനുവേണ്ടി പോരാടിയ കോൺഗ്രസ്, മറുവശത്ത് മതത്തിനുവേണ്ടി വാദിച്ച ജിന്നയും സംഘവും . ഭാഗ്യവശാൽ നമ്മൾ ഒരിക്കലും ഒരു മതരാഷ്ട്രമായില്ല. അത് ആ കാലഘട്ടത്തിലെ വലിയൊരു നേട്ടമാണ്. പക്ഷേ, നമ്മൾ ആ പാതയിൽത്തന്നെയാണോ ഇന്ന് തുടരുന്നത്?
എന്റെ സംസ്ഥാനത്തെ ഒരു കേന്ദ്രഭരണപ്രദേശമാക്കി. അധികാരങ്ങളില്ലാത്ത ഒരു നിയമസഭയാണുള്ളത്. ബില്ലുകൾ പാസാക്കിയാലും അത് ലെഫ്റ്റനന്റ് ഗവർണറുടെയടുത്ത് തടഞ്ഞുവെക്കപ്പെടുന്നു. എന്തായിരുന്നു അതിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള കാരണം? ആർട്ടിക്കിൾ 370 ഭീകരവാദം ഉണ്ടാക്കുന്നുവെന്നാണ് പറഞ്ഞത്. അവർ കൊട്ടിഘോഷിച്ചതൊക്കെ രാജ്യം വിശ്വസിച്ചു. പക്ഷേ, 2019 ഓഗസ്റ്റിനുശേഷം ഭീകരവാദം അവസാനിച്ചോ? 40 വീരജവാന്മാർ കൊല്ലപ്പെട്ട പുൽവാമ മറന്നോ? പഹൽഗാം, ഉധംപുർ, കത്രയൊക്കെ മറന്നോ? അപ്പോൾ പ്രശ്നം ആർട്ടിക്കിൾ 370 അല്ല, പ്രശ്നം നമ്മുടെ അയൽരാജ്യമാണ്. കശ്മീർ ഒരു തർക്കഭൂമിയാണെന്ന് അവർ ഇപ്പോഴും കരുതുന്നു. അവർ ഇപ്പോഴും ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. കശ്മീർ അതിർത്തികളിൽ ഇപ്പോഴും യു.എൻ. നിരീക്ഷകരുണ്ട്.
എത്ര കാലം നമ്മൾ ഇങ്ങനെ രക്തംചിന്തണം? ജമ്മു-കശ്മീരിന്റെ പുരോഗതി എത്രകാലം അയൽരാജ്യത്തിന്റെ കരുണയിൽ കഴിയണം? ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അമേരിക്കയുമായുള്ള പുതിയ കരാറുകൾ ഞങ്ങളെ ഭയപ്പെടുത്തുകയാണ്. ഞങ്ങൾക്ക് എണ്ണയില്ല, ഗ്യാസില്ല. ദൈവംതന്ന പ്രകൃതിഭംഗിമാത്രമാണുള്ളത്. കരാർ എന്താണെന്ന് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് നിങ്ങളുടേതുപോലെ വ്യവസായങ്ങളില്ല. അയൽരാജ്യവുമായുള്ള പ്രശ്നങ്ങൾകാരണം പുതിയ വ്യവസായങ്ങൾ കൊണ്ടുവരുന്നത് പ്രയാസകരവുമാണ്.
നാം ഒരു മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം വോട്ടുബാങ്കിനുവേണ്ടി നമ്മളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിയണം. ഹിന്ദുവിനെയും മുസ്‌ലിമിനെയും വേർതിരിച്ച് നിർത്താനാണ് അവർ ശ്രമിക്കുന്നത്. വടക്കുമുതൽ തെക്കുവരെയും കിഴക്കുമുതൽ പടിഞ്ഞാറുവരെയും ഒരേ ഭാഷ വേണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. വടക്കും കിഴക്കും പടിഞ്ഞാറും തെക്കും ഒരേനിറംമാത്രം വേണമെന്നും അവർ ആഗ്രഹിക്കുന്നു. അത് സാധ്യമാണോ? നാം ഒന്നായിരിക്കുന്നത് നാം വ്യത്യസ്തരായതുകൊണ്ടാണ്. അതാണ് ‘നാനാത്വത്തിൽ ഏകത്വം’. വൈവിധ്യത്തെ സംരക്ഷിച്ചാൽ ഇന്ത്യ ശക്തമാകും, വൈവിധ്യത്തെ നശിപ്പിച്ചാൽ ഇന്ത്യ ദുർബലമാകും.
ഞാൻ എപ്പോഴും എന്നോടുതന്നെ ചോദിക്കാറുണ്ട്, എന്നെ ഈ രാജ്യവുമായി ബന്ധിപ്പിക്കുന്നത് എന്താണ്? അത് നമുക്കെല്ലാവർക്കും പരസ്പരം കൈകോർത്ത് മുന്നേറാം എന്ന പ്രതീക്ഷയാണ്. എന്റെ മരണംവരെ എനിക്കുള്ള പ്രതീക്ഷ അതാണ്. ഫാസിസ്റ്റ് ശക്തികൾ ഒരിക്കലും വിജയിക്കില്ല. ഹിറ്റ്‌ലർ മരിച്ചതുപോലെ അവരും ഇല്ലാതാകും. ഈ 90-ാം വയസ്സിൽ ഞാൻ ഈ യാത്ര നടത്തിയത് നിങ്ങളോട് ഇത് പറയാനാണ്.
ഞങ്ങളെക്കുറിച്ച് ചിന്തിക്കുക. ഞങ്ങൾ നേരിടുന്ന ദുരന്തത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി പ്രാർഥിക്കുക. ദൈവത്തിന് നന്ദി, ദക്ഷിണേന്ത്യ ഇപ്പോഴും സ്വതന്ത്രമാണ്. അത് സ്വതന്ത്രമായി തുടരുമെന്നും ശക്തിപ്പെടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളിൽനിന്നാണ് ഞങ്ങൾക്ക് കരുത്ത് ലഭിക്കുന്നത്. കഠിനാധ്വാനംചെയ്ത ഞങ്ങളുടെ മക്കളും ജനങ്ങളും ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്. അവരെ പാകിസ്താനികൾ എന്ന് വിളിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ഞങ്ങളുടെ കുട്ടികൾ വലിയ വില നൽകേണ്ടിവരുന്നു. ഇത് എപ്പോൾ അവസാനിക്കും? സ്വീകരിക്കണമെന്ന് അവർ കല്പിക്കുന്നു. നിശ്ശബ്ദഭൂരിപക്ഷമായ നമ്മൾ ഒന്നും മിണ്ടാതെ അന്ത്യവിധി കാത്തിരിക്കുന്നു.
ഈ ലോകംതന്നെ മാറേണ്ടതുണ്ട്. നമ്മൾ തീവ്രവാദത്തിൽനിന്ന് സൗഹൃദത്തിലേക്ക് മാറണം. ഒരിക്കൽ ഞാൻ ഇന്ദിരാഗാന്ധിയോട് ചോദിച്ചു, എന്താണ് ‘സാർക്ക്’? നമ്മുടെ അയൽക്കാരെയെല്ലാം ഒരുമിപ്പിക്കാനും പ്രശ്നങ്ങൾ ഒരുമിച്ച് ചർച്ചചെയ്യാനുമുള്ള വേദിയാണതെന്ന് അവർ പറഞ്ഞു. എവിടെയാണ് ആ സാർക്ക് ഇന്ന്? നെഹ്റുവിനെയോ ഇന്ദിരാഗാന്ധിയെയോ കുറ്റം പറയുന്നതിൽ കാര്യമില്ല. ഇന്നത്തെ ഭരണാധികാരികൾ എല്ലാറ്റിനും അവരെ പഴിക്കുന്നു.
നെഹ്റു ഇല്ലായിരുന്നെങ്കിൽ ഇസ്രോയും ഐ.ഐ.ടി.കളും ഐ.ഐ.എമ്മുകളും അറ്റോമിക് വികസനവുമൊന്നും ഇവിടെ ഉണ്ടാകില്ലായിരുന്നു. നെഹ്റുവിന് പരാജയം സംഭവിച്ചത് ഒരേയൊരു കാര്യത്തിലാണ്, ഈ രാജ്യത്തോട് നിങ്ങൾക്ക് ചില കടമകളുണ്ടെന്ന് ജനങ്ങളോട് പറയുന്നതിൽ.
വന്ദേമാതരം എന്തുകൊണ്ടാണ് ഉണ്ടായതെന്നറിയാമോ? ബംഗാളിലെ വലിയ ക്ഷാമകാലത്ത്, ജനങ്ങൾക്കുവേണ്ടിയുള്ള വിളകൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. അതിന്റെ ഫലമായി ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ആ ഭീകരതയ്ക്കെതിരേയാണ് ആ ഗാനം ഉയർന്നുവന്നത്. ഇന്ന് രാജ്യത്തെ ഭയപ്പെടുത്തുന്നത് ആരാണെന്ന് നിങ്ങൾ തിരിച്ചറിയണം. ഈ രാജ്യത്തിന്റെ ആത്മാവ് ജീവനോടെയുണ്ട്, അത് എന്നും നിലനിൽക്കും, ഒരു ദിവസം വിജയിക്കുകതന്നെ ചെയ്യും.

