നിവു ഇനി 130 ഭാഷ പറയും: പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച് ‘എക്സ്പ്ലേർജർ

എക്സ്പ്ലേര്ജര് സിഇഒ ജിതിന് ഭാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആപ്പിന്റെ വിശേഷങ്ങള് പങ്കുവെക്കുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപ്പര്യത്തിൽ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലെത്തിയ ‘എക്സ്പ്ലേർജർ’ സഞ്ചാരികളായ പ്രതിനിധികളുടെ മനം കവരുന്നു. മൂന്നുവർഷം മാത്രമായ ഇന്ത്യയുടെ സ്വന്തം സഞ്ചാര സമൂഹ മാധ്യമ ആപ്പായ ‘എക്സ്പ്ലേർജറി’ലെ എ.ഐ. അവതാറായ ‘നിവു’ ഇനി ലോകത്തെവിടെയുമുളള സഞ്ചാരികളോട് അവരുടെ ഭാഷയിലായിരിക്കും സംവദിക്കുക. 130 ഭാഷകളിലാണ് ‘നിവു’ നൈപുണ്യം നേടിയിരിക്കുന്നത്.
എഴുപത്തഞ്ചിലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള എക്സ്പ്ലേർജറിന് രണ്ടു കോടിയിലധികം ഉപയോക്താക്കളുണ്ട്. വ്യാജ അക്കൗണ്ടുകൾ തുറക്കാനാവില്ല. സഞ്ചാര വീഡിയോകളും ഫോട്ടോകളും അതത് സ്ഥലത്ത് നിന്ന് തത്സമയം മാത്രമേ പങ്കുവെക്കാനാവൂ. ജിപിഎസ് വഴി ഇത് ആപ്പ് മനസ്സിലാക്കും. വി.പി.എൻ. ഉപയോഗിച്ച് പറ്റിക്കാൻ ശ്രമിച്ചാൽ അതും എ.ഐ. കണ്ടെത്തും.
ഡൽഹി സ്വദേശിയായ ജിതിൻ ഭാട്ടിയ 2023-ലാണ് ‘എക്സ്പ്ലേർജർ’ തുടങ്ങിയത്. സി.ഇ.ഒ.യായ അദ്ദേഹത്തിന് പിന്തുണയുമായി ബോളിവുഡ് നടൻ സോനു സൂദുമെത്തി. ഏർജ് ടു എക്സ്പ്ലോർ (ദേശാടനത്തിനുള്ള അഭിലാഷം) എന്നതിൽ നിന്ന് രൂപപ്പെട്ട ആപ്പിന്റെ ആപ്തവാക്യം ‘ഗെറ്റൗട്ട്, ഗെറ്റ് സോഷ്യൽ’ (പുറത്തുപോകൂ, സമൂഹത്തിൽ ഇടപഴകൂ) എന്നാണ്.
മോദിയുടെ താൽപര്യം
ഏതാനും നാളുകൾക്കകം തന്നെ ഗൗരവമുള്ള സഞ്ചാരികൾക്കിടയിൽ സ്വാധീനം നേടിയപ്പോഴാണ് 2025 ഒക്ടോബറിൽ അഞ്ജാത നമ്പറിൽ നിന്ന് ജിതിൻ ഭാട്ടിയയ്ക്ക് ഫോൺ വരുന്നത്. വിദേശ കാര്യമന്ത്രാലയത്തിൽ നിന്നാണെന്നും താങ്കൾക്കയച്ച മെയിലിന് മറുപടി നൽകണമെന്നുമായിരുന്നു സന്ദേശം. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 യോഗത്തിനായി ദക്ഷിണാഫ്രിക്കയിൽ പോകുന്നുണ്ടെന്നും അവിടെ ചിലരെ കാണാനാഗ്രഹിക്കുന്നുണ്ടെന്നും അതിൽ താങ്കളുടെ പേരുണ്ടെന്നും മെയിലിലുണ്ടായിരുന്നു. ഇത് വ്യാജ ഫോണാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് മോദി തന്നെ നിർദേശിച്ച പ്രകാരമാണെന്ന് മനസ്സിലാക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ബിസിനസ് ഫോറം പ്രസിഡന്റായിരുന്നതിനാൽ അദ്ദേഹം വന്നപ്പോൾ സന്ദർശിച്ചു.
എക്സ്പ്ലേർജറിനെക്കുറിച്ച് അദ്ദേഹം പലതും ചോദിച്ചറിഞ്ഞു. ഇന്ത്യയിൽ ടൂറിസം മേഖല അതിന്റെ സാധ്യതയുടെ 40 ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അത് വികസിപ്പിക്കണമെന്നും പിന്തുണ വേണമെന്നും മോദി ആവശ്യപ്പെട്ടു. അത് വലിയ ആത്മവിശ്വാസമാണ് നൽകിയത്’- ഭാട്ടിയ ‘മാതൃഭൂമി’യോട് പറഞ്ഞു. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിൽ ടൂറിസം കാര്യങ്ങൾ മാത്രം ചോദിച്ചറിയാൻ ഒരു ഉദ്യോഗസ്ഥനെ നിശ്ചയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേക്കും എക്സ്പ്ലേർജർ കൂടുതൽ കടന്നുചെല്ലാനാഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടെക്കിയിൽ നിന്ന് സഞ്ചാര രംഗത്തേക്ക്
ടെക്കിയായിരുന്ന ഭാട്ടിയ ധാരാളം യാത്ര ചെയ്തിരുന്നു. താനെത്ര രാജ്യങ്ങളിലും സ്ഥലങ്ങളിലും പോയിട്ടുണ്ടെന്ന് കണക്കെടുക്കാൻ ശ്രമിച്ചപ്പോഴാണ് അതിന് വഴിയില്ലെന്നദ്ദേഹം മനസ്സിലാക്കിയത്. ഫേസ്ബുക്കിൽ പരിശോധിച്ചപ്പോഴും സാധിച്ചില്ല. പിന്നാലെയാണ് ഇത്തരമൊരു ആപ്പിന്റെ സാധ്യത ആലോചിക്കുന്നത്. ‘ലിങ്ക്ഡ് ഇൻ’ പ്രൊഫഷണലുകൾക്കും ‘പ്രിന്റ്രസ്റ്റ്’ സർഗശേഷിയുള്ളവർക്കുമെന്ന പോലെ സഞ്ചാരികളായ ആളുകൾക്ക് വേണ്ടി മാത്രമായുള്ള ആപ്പായിരുന്നു ലക്ഷ്യം.
യാത്രക്കിടയിലെ വിവരങ്ങളെല്ലാം ഇതിൽ തത്സമയം പങ്കുവെക്കാം. കണ്ടന്റിനനുസരിച്ച് ലൈക്കും ഷെയറും റിവാർഡും ലഭിക്കും. ഈ റിവാർഡ് പിന്നീടുള്ള യാത്രയ്ക്ക് ഉപയോഗിക്കാം. ഓരോ സ്ഥലത്തുമെത്തിയാൽ, അവിടെ എക്പ്ലേർജറിലുള്ള മറ്റാരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താനാവും. ഒന്നിച്ച് യാത്രയ്ക്കടക്കം ഇത് സഹായിക്കും. പുതിയ സ്ഥലങ്ങളിലെത്തിയാൽ യാത്രാപദ്ധതി തയ്യാറാക്കാനും ഗൈഡിന്റെ രൂപത്തിലും ‘നിവു’ ഉണ്ടാകും. ഓട്ടോമാറ്റിക് ട്രാവൽ ലോഗ് എന്ന സവിശേഷതയിലൂടെ ഉപയോക്താക്കൾ സന്ദർശിച്ച രാജ്യങ്ങൾ, നഗരങ്ങൾ, യാത്ര ചെയ്ത ദൂരം, സ്ഥലങ്ങൾ എന്നിവ സ്വയം രേഖപ്പെടുത്തും. യഥാർഥ യാത്രാ ടൈംലൈനും സൃഷ്ടിക്കും. ഉപയോക്താക്കൾ യാത്ര ചെയ്ത ദൂരം, ലഭിച്ച ലൈക്കുകൾ, ഫോളോവേഴ്സ് എന്നിവയുടെ അടിസ്ഥാനത്തിൽ ‘എക്സ്പ്ലർജർ കൗണ്ട്’ നേടി ഉയർന്ന നിലകളിലേക്ക് എത്താം.
ട്രിവാഗോ ഉൾപ്പെടെ നൂറിലധികം ആഗോള ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ വിമാനയാത്ര, ഹോട്ടൽ, മറ്റ് യാത്രാനുഭവങ്ങൾ എന്നിവയിൽ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും. വലിയ തോതിലുള്ള ‘മോണിറ്റൈസേഷൻ’ സംവിധാനവും ആപ്പിൽ ഒരുങ്ങുകയാണ്.

