KSDLIVENEWS

Real news for everyone

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ

SHARE THIS ON

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ, ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെൻഷൻ. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർക്കെതിരായ നടപടിയിൽ സന്തോഷമെന്നും കുടുംബത്തിന്റെ പ്രതികരണം.

അന്വേഷണവിധേയമായാണ് സസ്‌പെന്‍ഷന്‍. ഡോ.ബിന്ദു സുന്ദറിനെതിരെ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. വിശദമായ അന്വേഷണത്തിന് മുന്നോടിയായാണ് നടപടി. അന്വേഷണത്തിന് ശേഷം കൂടുതല്‍ കടുത്ത നടപടിയുണ്ടാകും. മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

ഇന്നലെ മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം കനത്തിരുന്നു. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആശുപത്രിയ്ക്ക് മുന്നിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകരും പ്രതിഷേധിച്ചു. പ്രതിഷേധത്തിന് പിന്നാലെ ഡോക്ടറെ സ്ഥലം മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ പണം ആവശ്യപ്പെട്ടെന്നും രണ്ട് തവണയായി പതിനായിരം രൂപ ഡോക്ടർ വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.

കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കുടുംബം അറിയിച്ചു. കുഞ്ഞിന്റെ മരണത്തിൽ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!