KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധന; 24 മണിക്കൂറിനിടെ 23,179 പുതിയ രോഗികള്‍

SHARE THIS ON

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധന; 24 മണിക്കൂറിനിടെ 23,179 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട്ട് ചെയ്തത് 23,179 കോവിഡ് കേസുകൾ. സംസ്ഥാനത്ത് ഇക്കൊല്ലം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ ഏകദേശം 30 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.

ബുധനാഴ്ച നാഗ്പുറിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്-2,698 കേസുകൾ. പുണെയിലും മുംബൈയിലും യഥാക്രമം 2,612, 2,377 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 1.52 ലക്ഷത്തിൽ അധികം സജീവ കേസുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം അടിയന്തരമായി തടയേണ്ടതുണ്ടെന്ന് ബുധനാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിർച്വൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. പരിശോധന വർധിപ്പിക്കണമെന്നും മാസ്ക് ധരിക്കൽ ഉറപ്പാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.

മഹാമാരിയെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും പടരാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘നിർണായകമായ നടപടികളിലൂടെ നമ്മൾ അടിയന്തരമായി കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തടയണം. കോവിഡിനെതിരായ പോരാട്ടത്തിലൂടെ നമ്മൾ ആർജിച്ച ആത്മവിശ്വാസം അമിത ആത്മവിശ്വാസമാകരുത്. നമ്മുടെ വിജയം അശ്രദ്ധയ്ക്ക് കാരണമാകരുത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കാതെ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.’- അദ്ദേഹം പറഞ്ഞു

രോഗം കണ്ടെത്തുന്നതിനും രോഗികളെ ട്രാക്ക് ചെയ്യുന്നതിനുമായി ആർ.ടി.-പി.സി.ആർ. പരിശോധനകൾ വർധിപ്പിക്കണമെന്നും ചെറുനഗരങ്ങൾക്ക് ശ്രദ്ധ കൊടുക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ഇതുവരെ 23,70,507 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 21,63,391 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 53,080 പേർക്കാണ് രോഗബാധ മൂലം ജീവൻ നഷ്ടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!