ചട്ടഞ്ചാൽ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം വിപുലീകരിക്കാൻ താത്പര്യപത്രം ക്ഷണിക്കും

ചട്ടഞ്ചാൽ : വ്യവസായപാർക്കിലെ ഓക്സിജൻ പ്ലാന്റ് നടത്തിപ്പിന് പരിചയസമ്പന്നരിൽനിന്ന് താത്‌പര്യപത്രം ക്ഷണിക്കും. മെഡിക്കൽ ആവശ്യങ്ങൾക്കും വ്യവസായിക ആവശ്യങ്ങൾക്കുമായി അന്തരീക്ഷ ഓക്സിജൻ ഉപയോഗിച്ച് പ്രതിദിനം 200 സിലിൻഡർ ഓക്സിജൻ പ്ലാന്റിൽ ഉത്പാദിപ്പിക്കും. പദ്ധതിയുടെ പൂർണതോതിലുള്ള നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഓക്സിജൻ പ്ലാന്റ് വിജയകരമായി നടത്തിയിട്ടുള്ള പരിചയ സമ്പന്നരിൽനിന്ന് താത്പര്യപത്രം ക്ഷണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്ലാന്റിന്റെ പ്രവർത്തനം. മഹാമാരികൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സിലിൻഡർ വിതരണം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കും. കോവിഡ് രൂക്ഷമായപ്പോൾ ജില്ലയിൽ മെഡിക്കൽ ഓക്‌സിജൻ പ്രതിസന്ധി രൂക്ഷമായിരുന്നു. തുടർന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. വ്യവസായ പാർക്കിൽ 3.50 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരായിരുന്നു നോഡൽ ഓഫീസർ. മെഡിക്കൽ ആവശ്യത്തിനുള്ള 50 സിലിൻഡർ ഉടൻ വാങ്ങുന്നതിനും ഓക്‌സിജൻ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കൃഷ്ണൻ, കെ.ശ കുന്തള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. ഷെറി, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, കെ.പി. സജീർ, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ, സലിം, കെ. സുനിൽ എന്നിവർ സംസാരിച്ചു.