കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാത തൊഴിലാളികളും യന്ത്രങ്ങളുമെത്തി; പണി വേഗത്തിലായി

രാജപുരം • മന്ത്രി ഇടപെട്ടതോടെ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത വികസനം വേഗത്തിലായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, സിപിഐ എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ എന്നിവർ മന്ത്രി പി എ മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് റോഡ് പണിക്ക് വേഗത കൂട്ടിയത്. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് പ്രശ്‌നത്തിൽ ഉടൻ ഇടപെടണമെന്നും പണി വൈകിപ്പിച്ചാൽ കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച രാവിലെ ആവശ്യമുള്ള തൊഴിലാളികളും യന്ത്രങ്ങളും എത്തിച്ച് റോഡ് പ്രവൃത്തി വേഗത്തിലാക്കി. വയനാട് നിന്നും മറ്റ് കാരാറുകാരിൽ നിന്നുമായി യന്ത്രങ്ങൾ എത്തിച്ചാണ് പണി തുടങ്ങിയത്. എക്‌സിക്യൂട്ടിവ് എൻജിനിയർ സി ജെ കൃഷ്ണന്റെ നേതൃത്വത്തിൽ കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. എല്ലാദിവസവും പ്രവൃത്തി പുരോഗതി മന്ത്രിയെ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്‌ചക്കകം പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗങ്ങളിൽ ജിഎസ്ബി പണി പൂർത്തിയാക്കും. പാണത്തൂർ ചിറംകടവ് വരെ റോഡ് മെക്കാഡം ടാർ ചെയ്യാൻ 60 കോടി രൂപ അനുവദിച്ച് പണി തുടങ്ങിയിട്ട് ആറുമാസമായി. പ്രവൃത്തി എങ്ങുമെത്താതെ കിടന്നതോടെയാണ് സിപിഐ എം നേതാക്കൾ മന്ത്രിയെ കണ്ടത്.