ഇരട്ട സെഞ്ചുറിയുമായി വില്യംസണും നിക്കോള്‍സും, ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍

വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍. ഇരട്ടസെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണിന്റെയും ഹെന്റി നിക്കോള്‍സിന്റെയും തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 580 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്ടമായി. കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയിലാണ്. 16 റണ്‍സുമായി ദിമുത് കരുണരത്‌നെയും നാല് റണ്‍സെടുത്ത് പ്രഭാത് ജയസൂര്യയും ക്രീസിലുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിനായി വില്യംസണും നിക്കോള്‍സും അനായാസം ബാറ്റുവീശി. 296 പന്തുകളില്‍ നിന്ന് 23 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ വില്യംസണ്‍ 215 റണ്‍സെടുത്ത് പുറത്തായി. ആദ്യ ടെസ്റ്റില്‍ താരം സെഞ്ചുറി നേടിയിരുന്നു. നിക്കോള്‍സ് 240 പന്തുകളില്‍ നിന്ന് 15 ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 200 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ന്യൂസീലന്‍ഡിനായി ഒരിന്നിങ്‌സില്‍ ഇതാദ്യമായാണ് രണ്ട് താരങ്ങള്‍ ഇരട്ടസെഞ്ചുറി നേടുന്നത്. മൂന്നാം വിക്കറ്റില്‍ വില്യംസണും നിക്കോള്‍സും ചേര്‍ന്ന് 363 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ശ്രീലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത രണ്ടുവിക്കറ്റെടുത്തപ്പോള്‍ ധനഞ്ജയ ഡി സില്‍വയും പ്രഭാത് ജയസൂര്യയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോ (6), കുശാല്‍ മെന്‍ഡിസ് (0) എന്നിവരെയാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. മാറ്റ് ഹെന്റിയും ഡൗഗ് ബ്രേസ്‌വെല്ലുമാണ് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ടെസ്റ്റില്‍ വിജയം നേടിയ ന്യൂസീലന്‍ഡ് ഇതിനോടകം രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തോല്‍ക്കാതെ കാത്തിട്ടുണ്ട്. ശ്രീലങ്കയ്ക്ക് പരമ്പര സമനിലയിലാക്കണമെങ്കില്‍ ഈ മത്സരത്തില്‍ വിജയിച്ചേ മതിയാകൂ