ട്രെയിനില്‍ മലയാളി വിദ്യാര്‍ഥിനിയെ മദ്യംനല്‍കി പീഡിപ്പിച്ചതായി പരാതി; സൈനികന്‍ അറസ്റ്റില്‍

ആലപ്പുഴ: ട്രെയിനില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിയെ സൈനികന്‍ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പത്തനംതിട്ട കടപ്ര സ്വദേശിയായ സൈനികന്‍ പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയില്‍ രാജധാനി എക്സ്പ്രസിലായിരുന്നു ആക്രമണം. കര്‍ണാടകയിലെ മണിപ്പാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്ക് നേരെയാണ് അക്രമണമുണ്ടായത്. ഉടുപ്പിയില്‍ നിന്നുമാണ് യുവതി ട്രെയിനില്‍ കയറിയത്. വ്യാഴാഴ്ച വൈകീട്ടോടെ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും നിര്‍ബന്ധിച്ച് മദ്യം നല്‍കിയതായുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായിട്ട് യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതിയുവതിയെ ചൂഷണം ചെയ്തതെന്നാണ് കുട്ടിയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്. ജമ്മുവില്‍ സൈനികനായ പ്രതി അവധിയ്ക്ക് നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. യുവതിയ്ക്ക് മദ്യം നല്‍കിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഇയാളുടെ വാദം. വെള്ളിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പിന്നീട് പരാതി ആലപ്പുഴ പോലീസിന് കൈമാറുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് പറയുന്നത്.