യുവ ടേബിൾ ടെന്നീസ് താരം വിശ്വ ദീനദയാലൻ കാറപകടത്തിൽ മരിച്ചു; സംഭവം ചാമ്പ്യൻഷിപ്പിനുള്ള യാത്രക്കിടെ

ചെന്നൈ: യുവ ടേബിൾ ടെന്നീസ് താരവും തമിഴ്നാട് സ്വദേശിയുമായ വിശ്വ ദീനദയാലൻ (18) വാഹനാപകടത്തിൽ മരണപ്പെട്ടു. ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ വിശ്വ ദീനദയാലൻ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നുവെന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) അറിയിച്ചു.
83-ാമത് സീനിയർ ദേശീയ അന്തർദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. ടീം അംഗങ്ങളായ രമേശ് സന്തോഷ് കുമാർ, അബിനാഷ് പ്രസന്നാജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നിവരോടൊപ്പമായിരുന്നു വിശ്വയുടെ യാത്ര. ഇവർ സഞ്ചരിച്ചിരുന്ന ടാക്സി കാറിൽ എതിർ ദിശയിൽനിന്നു വന്ന ട്രെയിലർ ഇടിക്കുകയായിരുന്നുവെന്ന് ടി.ടി.എഫ്.ഐ പറഞ്ഞു.
അപകടത്തിൽ ടാക്സി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ വിശ്വയെ നോർത്ത് ഈസ്റ്റിലെ ഇന്ദിരാ ഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

