അത് ബിജെപിക്ക് ഗുണം ചെയ്യുമായിരുന്നു: മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വിശദീകരിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാര്‍ഥിയാകാതിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാഹുലും താനും മത്സരിച്ചിരുന്നെങ്കില്‍ അത് ബിജെപിക്കാകും ഗുണം ചെയ്യുകയെന്നും പ്രിയങ്ക പറഞ്ഞു.
‘കഴിഞ്ഞ 15 ദിവസത്തോളമായി ഞാന്‍ റായ്ബറേലിയില്‍ പ്രചാരണത്തിലാണ്. റായ്ബറേലിയുമായി ഞങ്ങളുടെ കുടുംബത്തിന്റെ ദീര്‍ഘകാല ബന്ധമാണുള്ളത്. ഞങ്ങള്‍ ഇവിടം സന്ദര്‍ശിച്ച് അവരുമായി സംവദിക്കണമെന്നാണ് റായ്ബറേലിക്കാര്‍ ആഗ്രഹിക്കുന്നത്. റിമോര്‍ട്ട് കണ്‍ട്രോള്‍ കൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
‘ഞാനും രാഹുലും മത്സരിച്ചിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും തങ്ങളുടെ മണ്ഡലങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് 15 ദിവസമെങ്കിലും ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം ഒരാള്‍ പ്രചാരണം നടത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചാല്‍ അത് ബിജെപ്പിക്കാകും ഗുണം ചെയ്യുക. പാര്‍ട്ടിയുടെ പ്രചാരണം ഏറ്റെടുക്കാന്‍ ആളില്ലാതെവരും’ പ്രിയങ്ക പറഞ്ഞു.
ഭാവിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്ക ഇങ്ങനെ മറുപടി നല്‍കി. ‘ഞാന്‍ ഒരിക്കലും ഒരു പാര്‍ലമെന്റേറിയനാകുമെന്നോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അവര്‍ തരുന്ന ഏത് റോളിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ അത്തരത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ മത്സരിക്കും’.
അമേഠിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം ആരോപണത്തെയും പ്രിയങ്ക പ്രതിരോധിച്ചു. അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന് പ്രിയപ്പെട്ടതാണ്. വൈകാരിക ബന്ധങ്ങളില്‍ ഇരുമണ്ഡലങ്ങളും വ്യത്യസ്തമാണ്. 2014-ല്‍ ഗുജറാത്തിലെ വഡോദരയില്‍ മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് അവിടെനിന്ന് ജനവിധി തേടാതിരുന്നത് ഭയന്നിട്ടാണോയെന്നും പ്രിയങ്ക ചോദിച്ചു.