രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കണം: കേരളാ മുസ്‌ലിം ജമാഅത്ത്
കോഴിക്കോട്: കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പെരുമ പറയാനും രാഷ്ട്രീയം കളിക്കാനുമുള്ള സമയമല്ല ഇതെന്നും കൊവിഡ് അടക്കമുള്ള കേരളത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ യഥാർത്ഥ ഉത്തരവാദിത്തം നിര്‍വ്വ ഹിക്കുന്നവരാക ണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നമ്മുടെ സംസ്ഥാനം അതിതീവ്രമായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ നേരിടാന്‍ കക്ഷിഭിന്നതകള്‍ മാറ്റിവെച്ച് ഒരുമിച്ചു നിലയുറപ്പിക്കുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. കേരളത്തെ ആഴത്തില്‍ ബാധിക്കുന്ന രണ്ട് പ്രധാന വിഷയങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയവും(NEP) പരിസ്ഥിതി ആഘാത പഠനവും(EIA) കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കൃത്യമായ നിലപാടുകള്‍ ഇനിയും സ്വീകരിച്ചു കാണുന്നില്ല. അടിയന്തരമായും അതുണ്ടാകേണ്ടതുണ്ട്. സര്‍വ്വകക്ഷി സംഘം കേന്ദ്രസര്‍ക്കാറുമായി കൂടിയാലോചനകള്‍ നടത്തി നമ്മുടെ സംസ്ഥാനത്തിന്റെ ആശങ്കകള്‍ അറിയിക്കുകയും അതി ശീഘ്രം പരിഹാരം കാണുകയും വേണം.
പാരിസ്ഥിതിക ആഘാത പഠനത്തില്‍ ഘടനാപരമായ മാറ്റം വരുത്തുന്ന വിജ്ഞാപനം ഗൗരവതരമായി ചര്‍ച്ചചെയ്യപ്പെടണം. വന്‍കിട വികസന പദ്ധതികളുടെ ഇരകളുടെ കാര്യത്തില്‍ വരെ ഈ വിജ്ഞാപനം മൗനം പാലിക്കുകയാണെന്ന വസ്തുത നാം ഗൗരവപൂർവ്വം ഓർക്കണം. ഒരിടത്തും അവരുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നില്ല . വ്യവസായങ്ങളും റോഡുകളും പുരോഗതിക്ക് അനിവാര്യമാനിന്നത് ഒരു നേരാണ്. അതുപക്ഷേ മനുഷ്യരുടെ ആവാസ വ്യവസ്ഥയെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. കഴിയാവുന്നത്രയും പരിസ്ഥിതിക്ക് പോറലേല്‍പിക്കാതെയാവണം വികസനം. വര്‍ധിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ഉന്നതർ ഒരു പാഠമായി ഇനിയും കാണുന്നില്ല.ഈ നില മാറണം. ഈ ദുരന്തങ്ങളെ ഒരു മുന്നറിയിപ്പായിട്ടെടുക്കണംദേശീയ വിദ്യാഭ്യാസ നയവും നമ്മുടെ അടിസ്ഥാന വിഷയമാണ്. ദേശീയ വിദ്യാഭ്യാസ ശരാശരിയില്‍ കേരളത്തിന്റെ ഇന്നത്തെ നില മെച്ചപ്പെട്ടതാണ്. എല്ലാവര്‍ക്കും അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് മാത്രമേ സാമൂഹിക നീതി ഉറപ്പാക്കാനാകൂ. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പാവപ്പെട്ടവര്‍ പുറന്തള്ളപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ. അത് സാമൂഹിക അസമത്വം വര്‍ധിപ്പിക്കും. അറിവ് വൈദഗ്ധ്യമുണ്ടാക്കുന്നതാവണം. അത് മാത്രം പോരാ, നമ്മുടെ വൈവിധ്യങ്ങളെ കണക്കിലെടുത്തു കൊണ്ടുമാകണം. സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഉന്നത വിദ്യാഭ്യാസം ലഭിക്കുന്ന ചുറ്റുപാടിൽ നിന്നും നമ്മുടെ മക്കൾക്ക് മോചനമുണ്ടാവണം. ഫെഡറലിസത്തെ തകര്‍ക്കുന്ന തീരുമാനങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. ഈ രണ്ട് പ്രധാന വിഷയങ്ങളിലും അടിയന്തരമായി രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് സുചിന്തിതവും സുശക്തവുമായ നിലപാട് സ്വീകരിച്ച് കേന്ദ്ര സര്‍ക്കാറുമായി സര്‍വ്വ കക്ഷി സംഘം വഴി ചര്‍ച്ച നടത്തണമെന്ന് മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി.മുഹമ്മദ് ഫൈസി, സി.പി.മൂസ ഹാജി, എന്‍.അലി അബ്ദുള്ള, പ്രഫ: എ.കെ അബ്ദുല്‍ ഹമീദ്, പ്രഫ യു.സി അബ്ദുല്‍ മജീദ്, സി.പി സെയ്തലവി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.