ദുബൈയിൽ ടൂറിസ്റ്റുകളുടെ വരവ് വർദ്ധിച്ചു; വിമാനത്താവളത്തിൽ തിരക്കേറി
ദുബൈ: വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയതെന്നു ജി ഡി ആർ എഫ് എ – എയർപോർട്ട് കാര്യ അസിസ്റ്റന്റ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ശകിതി പറഞ്ഞു. അഞ്ച് മാസം മുന്പ് 500ൽ താഴെ യാത്രക്കാരായിരുന്നു. അനുദിനം വർധിക്കുകയാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വിനോദസഞ്ചാരികളെ തിരികെ സ്വാഗതം ചെയ്യാൻ തീരുമാനമെടുത്തത് നിർണായകമായെന്ന് ബ്രിഗേഡിയർ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി.
സന്ദർശകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ജി ഡി ആർ എഫ് എ- 15 കൗണ്ടറുകൾ സജ്ജമാക്കി. എല്ലാ ദിവസവും 20,000ത്തിലധികം യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നു. വിനോദസഞ്ചാരികളും ധാരാളമായി ഇക്കൂട്ടത്തിലുണ്ട്.
മാസ്‌ക് ധരിക്കുന്നത് യുഎഇയിൽ ഒരു ശീലമായി മാറി. ഇത് വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കാൻ സഹായിച്ചിട്ടുണ്ട്. നവംബറോടെ 2019 ലെ കണക്കിന് സമാനമായിരിക്കും.
ലോകമെമ്പാടുമുള്ള യാത്രാനിയന്ത്രണം ലഘൂകരിച്ച ശേഷം പകർച്ചവ്യാധി തടയുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് വിമാനത്താവളങ്ങൾ തുറക്കുന്നതിൽ യു എ ഇ മുൻകൈയെടുത്തു. അന്താരാഷ്ട്ര പ്രതിനിധികൾ വിമാനത്താവളം പരിശോധിക്കുകയും നടപടികളിൽ മതിപ്പു രേഖപ്പെടുത്തുകയും ചെയ്തു.