facebook ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസിനെതിരെ റായ്പൂർ പോലീസ് കേസെടുത്തു.

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് റായ്പൂര്‍ പൊലീസ്. ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകനായ അവേശ് തിവാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
അതേസമയം, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഡല്‍ഹി സൈബര്‍ പൊലീസിന് എഫ്ബി ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ് പരാതി നല്‍കിയിരുന്നു. ഛത്തീസ്ഗഡിലെ മാധ്യമ പ്രവര്‍ത്തകനായ അവേശ് തിവാരി അടക്കം അഞ്ച് പേരെ ഉള്‍പ്പെടുത്തി പൊലീസ് എഫ്‌ഐആര്‍ ഇട്ടു. ഇതിന് പിന്നാലെയാണ് അവേശിന്റെ പരാതി പ്രകാരം അങ്കി ദാസിനെതിരെ റായ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത സാഹചര്യം സൃഷ്ടിച്ചു, ഭീഷണിപ്പെടുത്തി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.
തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതേ ആരോപണങ്ങളുമായി നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ അങ്കി ദാസ് അടക്കമുള്ള എഫ്ബി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കാനാണ് എംഎല്‍എ രാഘവ് ഛദ്ദ അധ്യക്ഷനായ ഡല്‍ഹി നിയമസഭാ സമാധാന സമിതിയുടെ തീരുമാനം.