KSDLIVENEWS

Real news for everyone

ഷാജഹാന്‍ വധക്കേസ്: വ്യക്തിവൈരാഗ്യവും അകല്‍ച്ചയും കാരണമെന്ന് പോലീസ്, മൂന്ന് വാളുകള്‍ കണ്ടെത്തി

SHARE THIS ON

പാലക്കാട്: സി.പി.എം. മരുതറോഡ് ലോക്കല്‍കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നംകാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കൊട്ടേക്കാട് കുന്നംകാട് ഷാജഹാന്റെ (47) കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മലമ്പുഴ കൊട്ടേക്കാട് കാളിപ്പാറ നവീന്‍ (28), കൊട്ടേക്കാട് കുന്നംകാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ശബരീഷും അനീഷും സുജീഷുമാണ് ഷാജഹാനെ വെട്ടിയതെന്ന് ജില്ലാപോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. സംഭവത്തിന്റെ സൂത്രധാരനായ നവീനെ പൊള്ളാച്ചിയില്‍നിന്നും മറ്റുമൂന്നുപേരെ മലമ്പുഴ കവഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.


പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യവും അകല്‍ച്ചയുമുള്‍പ്പെടെ കൊലപാതകത്തിന് കാരണമായെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേറ്റതുമുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷാജഹാന്റെ പ്രവര്‍ത്തനങ്ങളില്‍ നവീനടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നെന്നും ആദ്യം അകല്‍ച്ചയും പിന്നീട് ശത്രുതയുമുണ്ടാവുകയായിരുന്നെന്നും പോലീസ് പറഞ്ഞു.



പ്രതികളിലൊരാളായ നവീന്‍ കൈയ്യില്‍ രാഖി കെട്ടിയതിനെതിരേ ഷാജഹാന്‍ പ്രതികരിച്ചിരുന്നു. സ്ഥലത്ത് ഗണേശോത്സവത്തിന്റെയും ശ്രീകൃഷ്ണജയന്തിയുടെയും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും ഈയിടെ തര്‍ക്കമുണ്ടായിരുന്നതായും പോലീസിന് വിവരംലഭിച്ചിരുന്നു. ഞായറാഴ്ചയും അറസ്റ്റിലായവരും ഷാജഹാനും തമ്മില്‍ തര്‍ക്കം നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

എന്നാല്‍, അറസ്റ്റിലായവരുടെ രാഷ്ട്രീയപശ്ചാത്തലം പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ പരിശോധിക്കുകയാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്ത വിഷയങ്ങളിലാണ് ഷാജഹാനുമായി വൈരാഗ്യമുണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഷാജഹാനോടുള്ള അതൃപ്തികാരണം പ്രതികള്‍ സി.പി.എം. പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. നാലുപേര്‍കൂടി കസ്റ്റഡിയിലുണ്ടെന്നും കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്നും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായോ എന്നതടക്കം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോണ്‍രേഖകളും പരിശോധിക്കുന്നുണ്ട്.

ഓഗസ്റ്റ് 14-ന് രാത്രി എട്ടേമുക്കാലോടെയാണ് ഒരുസംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കാലിനും കൈയ്ക്കും മാരകമായി മുറിവേറ്റിരുന്നു. കാലിന് ആഴത്തിലേറ്റ മുറിവില്‍നിന്നും രക്തം ധാരാളമായി വാര്‍ന്നുപോയതാണ് ഷാജഹാന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തെളിവെടുപ്പിനിടെ പ്രതികള്‍ ഒളിപ്പിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!