KSDLIVENEWS

Real news for everyone

അസിസ്റ്റന്റ് കമ്മീഷണർ മുഴുവൻസമയവും നിൽക്കണോ?’; ചാനലിലെ നടപടിയിൽ പോലീസിന് വീഴ്ചയില്ല- ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന റെയ്ഡിൽ പോലീസിന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചാനലിൽ നടന്ന റെയ്ഡ് പോലീസ് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഒരു പത്ര പ്രവർത്തകരോടും മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പോലീസിന്റെ നടപടിയിൽ കൃത്യവിലോപമോ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന ചെയറിൽ ഇരുന്ന സംഭവത്തേക്കുറിച്ചുള്ള ചോദ്യത്തിന് അസിസ്റ്റന്റ് കമ്മീഷണർ പിന്നെ മുഴുവൻ സമയവും നിൽക്കണോയെന്നും മന്ത്രി ചോദിച്ചു. സർക്കാർ നടപടികൾ സുതാര്യമാണ്. മെസിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കും റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി അത് ആഭ്യന്തരവകുപ്പിനും കൈമാറി. നിയമവശങ്ങൾ പഠിച്ചതിന് ശേഷം ലോ ആൻഡ് ഓർഡർ എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകി.

ചാനൽ ഓഫീസിലും മറ്റ് സ്ഥലങ്ങളിലും പോലീസ് നടത്തിയ പരിശോധന തികച്ചും നിയമപരമായിരുന്നു. കോടതിയിൽനിന്ന് നിയമപരമായി സെർച്ച് വാറണ്ട് കൈപ്പറ്റി ഒരേസമയം അഞ്ച് സ്ഥലങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയുടെ എല്ലാ നടപടികളും പൂർണമായി വീഡിയോഗ്രാഫ് ചെയ്യുകയും, സ്വതന്ത്രരായ സാക്ഷികളെ പങ്കാളികളാക്കി നിയമപരമായ രീതിയിലാണ് പരിശോധന പൂർത്തിയാക്കിയത്. പരിശോധന വേളയിൽ ഒരു മാധ്യമപ്രവർത്തകനോടും മോശമായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും മാധ്യമ സ്ഥാപനത്തെ കരിവാരിത്തേക്കാനോ ‘മാധ്യമവേട്ട’ നടത്താനോ ഉള്ള യാതൊരു ശ്രമവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചാനലിന്റെ സംപ്രക്ഷേപണം ഒരു സെക്കൻഡ് പോലും നിർത്തിവെക്കേണ്ടിവന്നിട്ടില്ല. ചാനൽ പ്രക്ഷേപണം തടസ്സപ്പെടാത്ത രീതിയിലാണ് പോലീസ് പരിശോധന പൂർത്തിയാക്കിയത്. അതുകൊണ്ടുതന്നെ ഈ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ കൃത്യവിലോപമോ അധികാര ദുർവിനിയോഗമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!