കോവിഡ് വാക്‌സിന്‍ അന്തിമ വിശകലനത്തിലും 95% ഫലപ്രദമെന്ന് ഫൈസര്‍; ഉടന്‍ അനുമതിതേടും

ന്യൂഡൽഹി: കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിനൊടുവിൽ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ. ദിവസങ്ങൾക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വാക്സിൻ മുതിർന്നവർക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.
പരീക്ഷണത്തിൽ പങ്കാളികളായ 43,000 വോളന്റിയർമാരിൽ 170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 162 പേർക്കും വാക്സിനെന്ന പേരിൽ മറ്റുവസ്തുവാണ് നൽകിയത്. വാക്സിനെടുത്ത എട്ടുപേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.വാക്സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസർ പറയുന്നു.
അടിയന്തര ആവശ്യത്തിന് വാക്സിൻ ഉപയോഗിക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ് എഫ്ഡിഎ) മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളിൽ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങൾക്കകം യുഎസ് എഫ്ഡിഎക്ക് സമർപ്പിക്കാനാണ് ഫൈസറിന്റെ നീക്കം. വാക്സിൻ നിർമിക്കുമ്പോൾ പുലർത്തുന്ന ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതർക്ക് കൈമാറും.
അതിനിടെ ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വാക്സിൻ മൈനസ് 70 ഡിഗ്രി താപനിലയിൽ സൂക്ഷിക്കുകയും വിതരണത്തിനായി കൊണ്ടുപോകുകയും ചെയ്യണമെന്നതാണ് വെല്ലുവിളി ഉയർത്തുന്നത്.
എന്നാൽ എല്ലാ സാധ്യതകളും ആരായുന്നുവെന്നാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യക്കാർക്ക് ആവശ്യമുള്ളത്രയും കോവിഡ് വാക്സിൻ ഡോസുകൾ ലഭ്യമല്ലെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ പോൾ നേരത്തെ പറഞ്ഞിരുന്നു. കോവിഡ് 19-മായി ബന്ധപ്പെട്ട ദേശീയ തലത്തിലുള്ള കർമസേനയെ നയിക്കുന്നത് അദ്ദേഹമാണ്.
അന്തിമ അനുമതികൾ ലഭിച്ചശേഷം കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള എല്ലാ സാധ്യതകളും തേടുകയാണ് കേന്ദ്ര സർക്കാർ. ഫൈസറിന്റെ വാക്സിൻ സൂക്ഷിക്കാനും വിതരണത്തിന് കൊണ്ടുപോകുന്നതിനും മെനസ് 70 ഡിഗ്രി താപനില ഉറപ്പാക്കുന്ന സംവിധാനങ്ങൾ വേണമെന്നത് ഏതൊരു രാജ്യത്തിനും കനത്ത വെല്ലുവിളിയാണന്നും എന്നാൽ വാക്സിൻ വിതരണം സംബന്ധിച്ച അന്തിമ രൂപരേഖ സർക്കാർ യഥാസമയം തയ്യാറാക്കുമെന്നും വി.കെ പോൾ പറഞ്ഞിരുന്നു.

