KSDLIVENEWS

Real news for everyone

ഗൽവാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന ; പേരുകൾ പുറത്തു വിട്ടു , മരണാനന്തര ബഹുമതിയും

SHARE THIS ON

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ചൈന. ഇവരുടെ പേരുകള്‍ പുറത്തു വിട്ട ചൈന അഞ്ച് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായെന്ന് ചൈന സമ്മതിക്കുന്നത്.

ചൈനീസ് ഭാഗത്ത് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈന തയാറായിരുന്നില്ല. നേരത്തെ പിഎല്‍എ കമാന്‍ഡിങ് ഓഫിസര്‍ ക്വി ഫാബോവയുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകള്‍ കൂടി ചൈന ഇപ്പോഴാണ് പുറത്തുവിടുന്നത്. ചെന്‍ ഹോങ്ജുന്‍, ചെന്‍ സിയാങ്റോങ്, സിയാവോ സിയുവാന്‍, വാങ് ഴൗറാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍- റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയുണ്ടായി.

പട്രോള്‍ പോയിന്റ് 14ല്‍നിന്നു പിന്മാറുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നു രാത്രി ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും ആയുധങ്ങളില്ലാതെ ചൈനയുമായി കൂടിക്കാഴ്ച ഉറപ്പിച്ച ഭാഗത്തേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആണി തറച്ച ബേസ് ബോള്‍ ബാറ്റുകളും ഇരുമ്ബു വടികളുമായി ചൈനീസ് സൈനികരായിരുന്നു ചൈനീസ് മേഖലയില്‍ എത്തിയത്. ഇവര്‍ ആക്രമണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനികരെത്തി ഏറ്റുമുട്ടലായതോടെ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു. ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം അപ്രതീക്ഷിതമല്ലെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!