KSDLIVENEWS

Real news for everyone

9 മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ സുനിതയും വിൽമോറും ഭൂമിയിലെത്തി, ഡ്രാഗൺ പേടകം കടൽതൊട്ടു

SHARE THIS ON

ഫ്‌ളോറിഡ: അനിശ്ചിതമായി തുടര്‍ന്ന ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേര്‍ന്നു. പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുന്‍പ് ഒരുനിമിഷം അവരെ നിവര്‍ന്നുനില്‍ക്കാന്‍ അനുവദിച്ചിരുന്നു. സുനിത വില്യംസുള്‍പ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു.

നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ബുച്ച് വില്‍മോറുമാണ് സുനിതയെ കൂടാതെ ഭൂമിയിലെത്തിയത്. പൈലറ്റിന്‍റേയും കമാന്‍ഡറിന്‍റേയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു കാരണം സുനിതയും ബുച്ചും ഡ്രാഗണ്‍ പേടകത്തിലെ യാത്രക്കാര്‍ മാത്രമാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവര്‍ക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.

ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!