റമദാനിന്റെ ആദ്യ പകുതിയിൽ മക്ക മദീന വിശുദ്ധ പള്ളികളിൽ വിതരണം ചെയ്തത് 11 ദശലക്ഷം ഇഫ്താർ ഭക്ഷണം

മക്ക: ഈവർഷത്തെ റമദാനിന്റെ ആദ്യ പകുതിയിൽ മക്ക, മദീന വിശുദ്ധ പള്ളികളിലെ ഉംറ തീർഥാടകർക്കും മറ്റ് ആരാധകർക്കും സൗദി അധികൃതർ ഏകദേശം 11 ദശലക്ഷം ഇഫ്താർ ഭക്ഷണമാണ് വിതരണം ചെയ്തത്. വിശുദ്ധ മാസത്തിൽ ഇതുവരെ 10,822,999 ഇഫ്താർ ഭക്ഷണങ്ങളും 10,290,000 പാക്കറ്റ് ഈത്തപ്പഴങ്ങളും വിതരണം നടത്തിയതായി മക്ക ഹറമിന്റെയും പ്രവാചക പള്ളിയുടെയും ചുമതലയുള്ള ജനറൽ അതോറിറ്റി അറിയിച്ചു.
തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവ് കാരണം ഉംറ ചെയ്യുന്ന തീർഥാടകർക്കും പള്ളികളിലേക്കുള്ള മറ്റ് സന്ദർശകർക്കും റമദാനിൽ നൽകുന്ന ഇഫ്താർ ഭക്ഷണങ്ങളുടെ എണ്ണം ഈ വർഷം വർദ്ധിച്ചതായി അതോറിറ്റി പറഞ്ഞു. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പള്ളികളിലെ നിയുക്ത ഇഫ്താർ മേഖലകളിലാണ് ഭക്ഷണം വിളമ്പുന്നതെന്ന് എസ്‌പിഎ റിപ്പോർട്ട് ചെയ്തു.
പുണ്യമാസത്തിന് മുന്നോടിയായി, വ്യക്തികൾക്കും, ചാരിറ്റബിൾ സംഘടനകൾക്കും, എൻഡോവ്‌മെന്റുകൾക്കും ഹറമിൽ ഇഫ്താർ ഭക്ഷണം സംഭാവന ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ സേവനം അതോറിറ്റി ഒരുക്കിയിട്ടുണ്ട്.