KSDLIVENEWS

Real news for everyone

ചെങ്കൽ ക്വാറികൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഉടമകൾ

SHARE THIS ON

കാസർകോട് : ചെങ്കൽ ക്വാറികൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുള്ള സമരത്തിന് ഉടമകൾ. 24 മുതൽ തൊഴിലാളികൾ പണിമുടക്കി സമരത്തിൽ പങ്കെടുക്കുമെന്ന് ചെങ്കൽ ഉത്പാദക ഉടമസ്ഥസംഘം ഭാരവാഹികൾ അറിയിച്ചു. മാർച്ച് 31-ന് നിലവിൽ വന്ന കേരള മൈനിങ് ആൻഡ് ജിയോളജിവകുപ്പിന്റെ പുതിയ ചട്ടപ്രകാരം ക്വാറികളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാണെന്ന് ഉടമകൾ പറയുന്നു. നേരത്തേ നൽകിയിരുന്നതുപോലെ പാസ് നൽകാത്തതും സർക്കാർവിഹിതം കുത്തനെ ഉയർത്തിയതുമാണ് പ്രശ്നം. നേരത്തേ 24 സെന്റിൽ ആറ് മീറ്റർ താഴ്ചയിൽ കുഴിച്ചുള്ള ക്വാറികൾക്ക് 750 പാസുകൾ നൽകിയിരുന്ന സംവിധാനം ഇല്ലാതെയായി. കരിങ്കൽ ക്വാറികളുടെതിന് സമാനമായി ടൺ കണക്കാക്കിയാണ് ചെങ്കല്ലിന്റെയും സർക്കാർ വിഹിതം ഈടാക്കുന്നത്. ചെങ്കല്ലിന്റെ എട്ട് വശങ്ങളും കൃത്യമാണെങ്കിൽ മാത്രമേ വിൽക്കാൻ സാധിക്കൂ എന്നതിനാൽ നേരത്തേ ആകെ ചെങ്കല്ലിന്റെ 30 ശതമാനം ഇളവ് നൽകുമായിരുന്നു. പുതിയ നിയമപ്രകാരം അത് മാറി. ക്യുബിക് മീറ്ററിന് 24 രൂപയുണ്ടായത് 48 ആയി ഉയർത്തിയെന്നും പിഴതുക നാലിരട്ടിയായി വർധിപ്പിച്ചെന്നും ക്വാറി ഉടമകൾ പറഞ്ഞു. ക്വാറികൾക്ക് പെർമിറ്റ് ലഭിക്കാത്ത പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പൊതുമാനദണ്ഡങ്ങളില്ലാതെ ഉദ്യോഗസ്ഥർ ഓരോ ജില്ലയിലും തോന്നുംപോലെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ക്വാറിമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ക്വാറി ഉടമസ്ഥസംഘം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.നാരായണൻ, ജോസ് നടപ്പുറം, എം.വിനോദ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!