KSDLIVENEWS

Real news for everyone

ഗ്യാന്‍വാപി: കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശം തടഞ്ഞുവച്ച് സുപ്രീംകോടതി

SHARE THIS ON

ന്യൂഡല്‍ഹി : വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയ്ക്കുള്ളില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ ശാസ്ത്രീയ പരിശോധനയും കാലപ്പഴക്കം നിര്‍ണയിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിങ്ങും നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞുവച്ച് സുപ്രീം കോടതി. കേസ് ഇനി പരിഗണിക്കുന്നതു വരെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ശാസ്ത്രീയ പരിശോധനയും കാര്‍ബണ്‍ ഡേറ്റിങ്ങും നടത്താന്‍ മേയ് 12-നാണ് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. അലഹാബാദ്‌ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗ്യാന്‍വാപി മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്‌മദി ഹാജരായി. ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ ലഭിക്കാന്‍ ഇടയുള്ള സൂചനകളെ കുറിച്ച് സൂക്ഷ്മ പരിശോധന ആവശ്യമായതിനാലാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് മറ്റൊരു തീയതിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. വിഷയം ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ഉത്തരവ് സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞകൊല്ലം നടത്തിയ സര്‍വേയിലാണ് ശിവലിംഗം കണ്ടെത്തിയതെന്ന് പറയപ്പെടുന്നത്. തുടര്‍ന്ന് ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ നടത്താന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്. ശാസ്ത്രീയപരിശോധന വേണമെന്ന ആവശ്യം തള്ളിയ വാരാണസി ജില്ലാ കോടതിയുടെ ഒക്ടോബര്‍ 14-ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. കാശി വിശ്വനാഥക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി പള്ളിയില്‍ കോടതി ആവശ്യപ്പെട്ടപ്രകാരം അഭിഭാഷകസംഘമാണ് കഴിഞ്ഞ മേയ് മാസം സര്‍വേ നടത്തിയത്. പള്ളിക്കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ജലധാരയുടെ ഭാഗമാണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!