KSDLIVENEWS

Real news for everyone

18 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തിരക്ക്; ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞ് മൂന്നാറിലെത്തിയ സഞ്ചാരികള്‍

SHARE THIS ON

മുന്നാർ: തിരക്ക് നിയന്ത്രിക്കാൻ ഊട്ടിയില്‍ പാസ് ഏർപ്പെടുത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇതോടെ മൂന്നാറിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാൻ കഴിയാത്ത വിധമായി.

കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് വെറും 13 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ചര മണിക്കൂറിലേറെ സമയമാണ് വേണ്ടിവന്നത്.

2006ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെടുന്നത്. ഇന്നാണ് ഏറ്റവും വലിയ തിരക്കും ഗതാഗത കുരുക്കും ഉണ്ടായത്. ഇ – പാസ് നിർബന്ധമാക്കിയതോടെ ഊട്ടി ഉപേക്ഷിച്ച്‌ സഞ്ചാരികള്‍ മൂന്നാർ തിരഞ്ഞെടുത്തതോടെയാണ് 18 വർഷത്തിനിടെ ഏറ്റവും വലിയ തിരക്കുണ്ടായത്. ഇന്ന് രാവിലെ മുതല്‍ മൂന്നർ മുഴുവൻ ഗതാഗത കുരുക്ക് ആരംഭിച്ചിരുന്നു.

ഗതാഗത നിയന്ത്രണത്തിനായി സബ്‌ ഡിവിഷന് കീഴിലുള്ള ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരെയും മൂന്നാറിലും പരിസരങ്ങളിലും നിയോഗിച്ചെങ്കിലും പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള തിരക്കാണ് ഉണ്ടായത്. വൈകുന്നേരങ്ങളില്‍ മൂന്നാർ സഞ്ചാരികളെ കൊണ്ട് സ്‌തംഭിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ കഴിയേണ്ട അവസ്ഥയായിരുന്നു. തിരക്ക് വർദ്ധിച്ചതോടെ മൂന്നാറിലും പരിസരങ്ങളിലും ഒരു മുറി പോലും കിട്ടാനില്ല. സന്ദർശകരില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും ഭക്ഷണം പോലും ലഭിച്ചില്ല. ഇന്നലെയും ഇതേ സ്ഥിതിയായിരുന്നു. മൂന്നാറിലേക്ക് കുട്ടികളുമായി പോകുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!