KSDLIVENEWS

Real news for everyone

സുധാകരന്‍ പക്വത കാണിക്കണം: അന്ധമായ കമ്യൂണിസ്റ്റ് വിരോധമല്ല വര്‍ഗീയതയാണ് കോണ്‍ഗ്രസിന്‍റെ മുഖ്യശത്രുവെന്ന് മമ്പറം ദിവാകരന്‍

SHARE THIS ON

പിണറായി വിജയന് എതിരായ കെ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് മമ്ബറം ദിവാകരന്‍. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ പക്വത കാണിക്കണം. സിപിഎമ്മുമായി ഇനിയും സംഘര്‍ഷ സാഹചര്യം ഉണ്ടാക്കരുതെന്നും മമ്ബറം ദിവാകരന്‍ മീഡിയവണിനോട് പറഞ്ഞു.

“കെ സുധാകരന്‍ ഇന്ന് വലിയ മറുപടി നല്‍കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് ശരിയുമല്ല. ഉത്തരവാദപ്പെട്ട കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ സമന്വയത്തിന്‍റെ പാത സ്വീകരിക്കുന്നതാണ് അദ്ദേഹത്തിനും പാര്‍ട്ടിക്കും നല്ലതെന്നാണ് എന്‍റെ അഭിപ്രായം. സുധാകരന്‍ ഇരിക്കുന്ന പദവി കേരളത്തിലെ ഏറ്റവും ഔന്നത്യമുള്ള പദവിയാണ്. പദവിയില്‍ ഇരിക്കുന്ന ആളുകളെല്ലാം പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്.

ആ സമീപനം സ്വീകരിച്ച്‌ മുന്നോട്ടുപോയാല്‍ മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ”. കെ സുധാകരന്‍ ശൈലി മാറ്റിയേ പറ്റൂ എന്നും മമ്ബറം ദിവാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തിരിക്കുന്ന രാഷ്ട്രീയമായ നയമുണ്ട്. ആ നയത്തിന് അനുസരിച്ചുവേണം മുന്നോട്ടുപോകാന്‍. അത് അന്ധമായ കമ്യൂണിസ്റ്റ് വിരോധമല്ല. വര്‍ഗീയതയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ മുഖ്യശത്രു. സിപിഎം അക്രമവുമായി മുന്നോട്ടുപോയപ്പോള്‍ മുഖ്യശത്രുവായി കണ്ടിട്ടുണ്ട്. എല്ലാകാലത്തും അക്രമവുമായി മുന്നോട്ടുപോകാനാവില്ല. സിപിഎം അത് നിര്‍ത്തിയെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മമ്ബറം ദിവാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ആദ്യ പിളര്‍പ്പുണ്ടാകുന്നത് 1969ലാണ്. സംഘടനാ കോണ്‍ഗ്രസും ഇന്ദിരാഗാന്ധി കോണ്‍ഗ്രസും. ഇന്ദിരാഗാന്ധിക്ക് എതിരായിരുന്നു സുധാകരന്‍. ഇന്ദിരാഗാന്ധി മരിച്ചതിന് ശേഷമാണ് സുധാകരന്‍ കോണ്‍ഗ്രസില്‍ സജീവമായതെന്നും മമ്ബറം ദിവാകരന്‍ പറഞ്ഞു. പിണറായി വിജയനും കെ സുധാകരനും മിതത്വം പാലിക്കണം. വീണ്ടും അണികളിലേക്ക് വ്യക്തിവിരോധം പടരുത്. കണ്ണൂരിനെ വീണ്ടും സംഘര്‍ഷഭൂമിയാക്കരുതെന്നും മമ്ബറം ദിവാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!