വീണ്ടും രാജ്യാന്തര പുരസ്കാരം; സി.ഇ.യു. ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം കെ.കെ. ശൈലജയ്ക്ക്

കോഴിക്കോട്: ആരോഗ്യവകുപ്പ് മുൻമന്ത്രി കെ.കെ. ശൈലജയ്ക്ക് രാജ്യാന്തര പുരസ്കാരം. സെൻട്രൽ യൂറോപ്യൻ സർവകലാശാല(സി.ഇ.യു)യുടെ 2021-ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരത്തിന് ശൈലജയെ തിരഞ്ഞെടുത്തു. സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ്, സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ സ്വെറ്റ്ലാന അലക്സീവിച്ച്, ഐക്യരാഷ്ട്ര സഭാ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ തുടങ്ങിയവർ മുൻപ് ഓപ്പൺ സൊസൈറ്റി പുരസ്കാരത്തിന് അർഹരായ പ്രമുഖരാണ്. വർഷംതോറും നൽകിവരുന്ന ഈ രാജ്യാന്തര പുരസ്കാരം, സ്വതന്ത്ര സമൂഹമെന്ന ആദർശത്തിലൂന്നി പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്നതാണെന്ന് സെൻട്രൽ യൂറോപ്യൻ സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. നിശ്ചയദാർഢ്യമുള്ള നേതൃത്വം, സമൂഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജനാരോഗ്യ സംവിധാനം, കൃത്യതയുള്ള ആശയവിനിമയം എന്നിവയ്ക്ക് ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്ന് കോവിഡ് 19 മഹാമാരിയുടെ കാലത്ത് കെ.കെ. ശൈലജയും പൊതുജനാരോഗ്യ വകുപ്പിലെ സമർപ്പിത ജീവനക്കാരും ലോകത്തിന് കാണിച്ചുതന്നെന്ന് സി.ഇ.യു. പ്രസിഡന്റും റെക്ടറുമായ മൈക്കിൾ ഇഗ്നാറ്റിഫ് പറഞ്ഞു. വിയന്നയിലും ബൂഡാപെസ്റ്റിലും കേന്ദ്രീകരിച്ചാണ് സി.ഇ.യു. പ്രവർത്തിക്കുന്നത്.

