യുപിയില്‍ ആക്രമിക്കപ്പെട്ട വയോധികനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടു; സമാജ്‌വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉമ്മദ് പഹൽവാനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു എന്ന് ഗാസിയാബാദ് പൊലീസ് സൂപ്രണ്ട് അമിത് പഥക് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ കസ്റ്റഡിക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ വയോധികനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ വർഗീയതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അബ്ദുൽ സമദ് വില്പന നടത്തിയ ഏലസ്സുമായി ബന്ധപ്പെട്ടാണ് ഇവർ വയോധികനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ തൻ്റെ താടി മുറിച്ചു എന്നും ജയ് ശ്രീറാം മുഴക്കാൻ പ്രതികൾ നിർബന്ധിച്ചു എന്നും അബ്ദുൽ സമദ് പറഞ്ഞിരുന്നു. എന്നാൽ, പരാതിയിൽ ഇതൊന്നും സൂചിപ്പിച്ചിരുന്നില്ല എന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുടുംബത്തിലെ പൈശാചിക ശക്തി ഒഴിയുമെന്ന അവകാശവാദവുമായി സമദ് ഗുർജാറിന് ഒരു ഏലസ് നൽകിയെന്നും അതിനു ഫലം കാണാതെ വന്നതിനെ തുടർന്നാണ് പ്രതികൾ വയോധികനെ ആക്രമിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.

