KSDLIVENEWS

Real news for everyone

കരാറിലെത്തിയെന്ന് യുഎസ് ആവര്‍ത്തിക്കുമ്പോഴും സമാധാനശ്രമങ്ങളെ കാറ്റില്‍ പറത്തി ആക്രമണവുമായി ഇസ്രായേല്‍; ലെബനാനില്‍ വ്യാപക നാശനഷ്ടം

SHARE THIS ON

തെല്‍ അവീവ്: ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തല്‍ കരാറിലെത്തിയെന്ന വാദം യുഎസ് ആവർത്തിക്കുമ്പോഴും ലെബനാനില്‍ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍.

ദക്ഷിണ ലെബനാനില്‍ ഇന്നലെ അർധരാത്രി മുതല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാൻ-യുഎസ് സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയും ആക്രമണം തുടരാനാണ് ഇസ്രായേലിന്‍റെ നീക്കമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈല്‍ ബഗായ് പ്രതികരിച്ചു.

തെക്കൻ ലബനാനില്‍ ഹിസ്ബുല്ലയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലില്‍ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണം ലെബനാനിന്‍റെ വിവിധയിടങ്ങളിലായി ഇസ്രായേല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 37 സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ സൈനികരുടെ ചോരയ്ക്ക് പകരം ചോദിക്കുന്നതിനായി ലെബനാനില്‍ വ്യാപക ആക്രമണം അഴിച്ചുവിടാൻ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈനികർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ, ലെബനാനില്‍ വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇസ്രായേല്‍ മന്ത്രിമാരും രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രായേലിലെ ഓരോ മാതാവിന്‍റെയും കണ്ണുനീരിന് പകരമായി ലെബനാനിലെ ആയിരക്കണക്കിന് ഉമ്മമാരെ കരയിപ്പിക്കുമെന്ന് സുരക്ഷാ മന്ത്രി ബെൻ ഗ്വിർ നേരത്തെ പ്രസ്താവിക്കുകയുണ്ടായി. തീകൊണ്ട് കളിച്ച ലെബനാനിന് അതേ നാണയത്തില്‍ മറുപടി നല്‍കേണ്ട സമയമായിരിക്കുന്നെന്നാണ് ഫിനാൻസ് മന്ത്രി ബെസലേല്‍ സ്മോട്രിച്ചിന്‍റെ പ്രതികരണം.

അതേസമയം, ലെബനാനില്‍ ഇസ്രായേല്‍ സ്വീകരിക്കുന്ന നടപടികളും നിലപാടുകളുമാണ് ഇറാൻ-യുഎസ് സമാധാനകരാറിന്‍റെ ഭാവിയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. മേഖലയിലെ ശത്രുത പൂർണമായും അവസാനിപ്പിക്കുകയെന്നതാണ് ഇരുകൂട്ടരും ഒപ്പുവെച്ച ധാരണാപത്രത്തിലെ സുപ്രധാനമായൊരു നിർദേശം. ഇറാനെ സംബന്ധിച്ചിടത്തോളം, ലെബനാനില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ ധാരണാപത്രത്തിലെ നിർദേശങ്ങളുടെ തുറന്ന ലംഘനമായാണ് കണക്കാക്കപ്പെടുക. ഇസ്രായേല്‍ ആക്രമണം തുടരുന്നിടത്തോളം കാലം ശാശ്വതമായ വെടിനിർത്തല്‍ ചർച്ചയ്ക്കും കരാറിനുമുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തെക്കൻ ലെബനാനില്‍ ആക്രമണം തുടരുന്നിടത്തോളം കാലം ഇസ്രായേല്‍ സൈനികർ കൊല്ലപ്പെടാനുള്ള സാധ്യതയേറെയാണെന്നും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ട് കരാർ റദ്ദാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് ഇസ്രായേല്‍ അകന്നുനില്‍ക്കണമെന്നുമാണ് വിവിധ യുഎസ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, കരാർ ലംഘിച്ചുകൊണ്ടിരിക്കുന്നത് യുഎസ് ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. ‘ലെബനാൻ അടക്കമുള്ള അതിർത്തി പ്രദേശങ്ങളില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചുമതല യുഎസിനായിരുന്നു. അത് നിറവേറ്റാത്ത പക്ഷം കരാർ ലംഘനത്തിന്‍റെ കാരണക്കാരും അവർ തന്നെയായിരിക്കും’. അരാഗ്ചി പ്രതികരിച്ചു. യുഎസുമായുള്ള ധാരണാപത്രത്തിലെ ഏതെങ്കിലുമൊരു നിർദേശം ലംഘിക്കപ്പെട്ടാല്‍ പോലും അതിന്‍റെ പരിണിതഫലം കനത്തതായിരിക്കുമെന്ന് മധ്യസ്ഥശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ച പാകിസ്താനെ ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചെന്ന് അല്‍ജസീറ റിപ്പോർട്ട് ചെയ്തു.

നേരത്തെ, മേഖലയില്‍ ശാശ്വതമായ യുദ്ധം നിലനിർത്താനാണ് ഇസ്രായേലിന്‍റെ ആഗ്രഹമെന്ന് അബ്ബാസ് അരാഗ്ചി പ്രസ്താവിച്ചിരുന്നു. ലെബനാന് നേരെ തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ അപലപനീയമാണെന്നും തെല്‍ അവിവില്‍ നിന്നുള്ള തുടർനീക്കങ്ങള്‍ മുഴുവൻ മാനവരാശിക്കും ഭീഷണിയാണെന്നും അരാഗ്ചി പ്രതികരിച്ചു. ദക്ഷിണ ലെബനാനില്‍ നാല് ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനാൻ കത്തിച്ചുചാമ്പലാക്കുമെന്ന ഇസ്രായേലി സുരക്ഷാ മന്ത്രി ബെൻ ഗ്വിറിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.

ഇറാൻ-യുഎസ് സമാധാന ചർച്ചകള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ലെബനാനില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ മേഖലയെ വീണ്ടും സംഘർഷസാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ ഇസ്രായേല്‍ ആക്രമണത്തിലൂടെ, മാർച്ച്‌ രണ്ടിന് ആരംഭിച്ച സംഘർഷത്തില്‍ ലെബനാനില്‍ മാത്രം 3912 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. 11,873 പേർക്ക് പരിക്കേല്‍ക്കുകയും പത്ത് ലക്ഷത്തിലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!