നിരവധി രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നേരത്തെ ആരംഭിച്ച യു എസ്, യു കെ, ഫ്രാന്‍സ്, ജര്‍മനി, യു എ ഇ, ഖത്തര്‍, മാലിദ്വീപ് രാജ്യങ്ങള്‍ക്ക് പുറമെ 13 രാജ്യങ്ങളിലേക്ക് കൂടിയാണ് സര്‍വ്വീസ് തുടങ്ങുന്നത്. ആസ്‌ത്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രയേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാകും സര്‍വ്വീസ്. ഘട്ടംഘട്ടമായി അന്താരാഷ്ട്ര സര്‍വ്വീസുകളെല്ലാം പുനസ്ഥാപിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം.