കുമ്പളയിലെ കൊലപാതകം
മുഖ്യപ്രതി അറസ്റ്റിൽ
രണ്ട് യുവാക്കളുടെ തൂങ്ങിമരണം
ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസും
കുമ്പള: വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസ് പിടിയിലായി. കുമ്പള നായ്ക്കാപ്പിന് സമീപം സുന്നാംഗുളിയിലെ ഹരീഷന്‍ (38) വെട്ടേറ്റ് മരിച്ച കേസില്‍ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ ശ്രീകുമാര്‍ ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി എണ്ണ മില്ലിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ഹരീഷന് വെട്ടേറ്റത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് മുഖ്യപ്രതിയായ ശ്രീകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനിടെയാണ് ഹരീഷന്‍ കൊല്ലപ്പെട്ട ശേഷം കാണാതായ കുമ്പള കുണ്ടങ്കാറടുക്ക എസ്.ടി കോളനിയിലെ കൂലിത്തൊഴിലാളികളായ റോഷന്‍(20), മണി(20) എന്നിവരെ ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൃഷ്ണനഗര്‍ കെ.ഡി മൂലയിലെ വനത്തിലുള്ള രണ്ട് മരങ്ങളിലായാണ് റോഷനെയും മണിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തുക്കളാണ് റോഷനും മണിയുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തി കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വ്യക്തിവൈരാഗ്യമാണ് ഹരീഷനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഹരീഷന്‍ 15 വര്‍ഷത്തോളമായി സൂരംബയലില്‍ ഭഗവതിപ്രസാദം എണ്ണമില്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. പതിവായി നേരത്തെ വീട്ടിലെത്താറുള്ള ഹരീഷ് തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞെത്താതിരുന്നതിനാല്‍ വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. സുഹൃത്ത് ഹരീഷനെ അന്വേഷിച്ച് മില്ലിലേക്ക് പോയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് വഴിയാത്രക്കാരാണ് ഹരീഷനെ വഴിയരികില്‍ വെട്ടേറ്റ് വീണുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസെത്തി ഹരീഷനെ സഹകരണാസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.