നാഷ്ണൽ റിക്രൂട്ട്‌മെന്റ് ഏജൻസി രൂപവത്കരിക്കാൻ കേന്ദ്രമന്ത്രി സഭാ അംഗീകാരം നൽകി
ന്യൂഡൽഹി| ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി രൂപവത്കരിക്കാൻ കേന്ദ്രമന്ത്രി സഭാ അംഗീകാരം നൽകി.
കേന്ദ്ര സർക്കാർ, പൊതുമേഖലാ ബേങ്ക്, ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനാണ് ഏജൻസി രൂപവത്കരിക്കുന്നതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിവർഷം ശരാശരി 2.5 കോടി ഉദ്യോഗാർഥികൾക്കാണ് തീരുമാനം ഗുണം ചെയ്യുക. നിലവിൽ വിവിധ തസ്തികകളിലേക്കുളള നിയമനത്തിന് പ്രത്യേക പരീക്ഷകൾ നടത്താറാണ് പതിവ്. ഇതു പരിഹരിക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നത്.
നിലവിൽ 20 ഓളംറിക്രൂട്ട്‌മെന്റഏജൻസികളാണ് കേന്ദ്രസർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കികളിലേക്കും നിയമനം നടത്തുന്നത്.
ഇത്തരത്തിൽ ഒന്നിലധികം പരീക്ഷകൾ എഴുതുന്നത് ഉദ്യോഗാർഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പുതിയ തീരുമാനം ഇതിന് പരിഹാരമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഓൺലൈൻ പരീക്ഷയാണ് നാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുക. മൂന്ന് വർഷം വരെ റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടാവും.
പ്രതിവർഷം ശരാശരി ഒന്നേകാൽ ലക്ഷം സർക്കാർ ഒഴിവുകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.