മുട്ട പൊട്ടിയതിനെ ചൊല്ലി തർക്കം: ഡൽഹിയിൽ 16കാരൻ കുത്തേറ്റ് മരിച്ചു
ന്യൂഡൽഹി| ഇഷ്ടിക വീണ് മുട്ട പൊട്ടിയതിനെ ചൊല്ലിയുള്ള തർക്കം 16കാരന്റെ ജീവനെടുത്തു. ഇന്നലെ രാവിലെ തെക്കൻ ഡൽഹിയിലെ സംഘം വിഹാറിലാണ് സംഭവം. 16കാരനായ മുഹമ്മദ് ഫൈസനെ കൊലപ്പെടുത്തിയ കേസിൽ ഫാറൂഖ്(22) നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് ഫൈസനും പിതാവും സഹോദരനും ഒരു കടയ്ക്ക് പുറത്ത് ഇഷ്ടികകൾ അടുക്കിവെക്കുകയായിരുന്നു. ഇതിനിടെ താജ് മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന മുട്ട ട്രേയിൽ ഇഷ്ടിക വീണതിനെ തുടർന്ന് ഇരു വിഭാഗവും തമ്മിൽ വാക്തർക്കമുണ്ടായി. എന്നാൽ നഷ്ടപരിഹാരം നൽകാം എന്ന ഉറപ്പിന്മേൽ രംഗം ശാന്തമായെങ്കിലും കടയുടമയുടെ മകൻ വീണ്ടും വഴക്കിടാൻ തുടങ്ങി. ഇതിനിടെ പ്രകോപിതനായ ഇയാൾ കത്തിയെടുത്ത് പിതാവിനും സഹോദരനും മുമ്പിൽ വെച്ച് മുഹമ്മദ് ഫൈസനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഒന്നിലധികം തവണ കുത്തേറ്റ മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സഹോദരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.