KSDLIVENEWS

Real news for everyone

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു

SHARE THIS ON

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് വീണ്ടും 23-ാം തിയതി പരിഗണിക്കും. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി, ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹർജികളിൽ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേൾക്കും.
പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കൂട്ടിക്കൊണ്ടു പോകാൻ വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പോകുന്നതിനിടെ വഴിയിൽവെച്ച് തനിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് ശിവശങ്കർ അറിയിച്ചു. തുടർന്ന് അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ ഇവിടെ ശിവശങ്കർ നടുവേദനയ്ക്ക് ചികിത്സയിലാണ്.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തു കൊണ്ടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകൻ കെ. രാംകുമാറാണ് കസ്റ്റംസിനു വേണ്ടി ഹാജരായത്. കസ്റ്റംസിന്റെ വാദം അംഗീകരിച്ച കോടതി, അവർക്ക് കൂടുതൽ സമയം അനുവദിക്കുകയും ഇതോടൊപ്പം ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. കസ്റ്റംസ് ശിവശങ്കറിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിജയഭാനുവിന്റെ ആരോപണം. ഇ.ഡിക്കു മുന്നിൽ ഹാജരായ ശേഷം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ശിവശങ്കർ തിരുവനനന്തപുരത്തെ വീട്ടിൽ എത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അഞ്ചേകാലിന് സമൻസുമായി എത്തി. ഏതു കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നതെന്ന് സമൻസിൽ വ്യക്തമാക്കിയിരുന്നില്ല. ആറുമണിക്ക് ഹാജരാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സ്വന്തം വാഹനത്തിൽ എത്താൻ കസ്റ്റംസ് അനുവദിച്ചില്ല. കസ്റ്റംസ് ഉദ്യോഗസ്ഥർ അവരുടെ വാഹനത്തിൽ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി എന്ന ഗുരുതര ആരോപണവും ശിവശങ്കറിന്റെ അഭിഭാഷകൻ ഉയർത്തി.
വാഹനത്തിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആ ആശുപത്രിയിൽ ശിവശങ്കറിന്റെ ഭാര്യ ജോലി ചെയ്യുന്നുവെന്ന ആരോപണം ഉയർത്തി, സമ്മർദം ചെലുത്തി ശിവശങ്കറിനെ അവിടെനിന്ന് ഡിസ്ചാർജ് ചെയ്യിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ആരോപിച്ചു. എല്ലാ അന്വേഷണവുമായും ശിവശങ്കർ സഹകരിച്ചിട്ടുണ്ടെന്നും മുൻപ് പലതവണ കസ്റ്റംസ് വിളിപ്പിച്ചപ്പോഴും അപ്പോഴെല്ലാം ഹാജരാകുകയും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഏത് കേസിലാണ് വിളിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാതെ സമൻസ് നൽകി തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുവെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം ശിവശങ്കറിന്റെ ആരോപണങ്ങൾ തെറ്റാണെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അഭിഭാഷകൻ പറഞ്ഞു. പല ചോദ്യങ്ങളിൽനിന്നും ശിവശങ്കർ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!