KSDLIVENEWS

Real news for everyone

വാക്‌സിനോട് വിമുഖത; പക്ഷേ കോവിഡ് ചികിത്സാ സ്ഥാനപത്തിന്റെ ഭൂരിഭാഗം ഓഹരികളും ജോക്കോവിച്ചിന്റെ പേരില്‍

SHARE THIS ON

കോപ്പൻഹേഗൻ: ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കുന്ന സ്ഥാപനത്തിലെ ഭൂരിഭാഗം ഓഹരികളും സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ പേരിൽ.

കോവിഡ് വാക്സിൻ സ്വീകരിക്കാതെയും മെഡിക്കൽ ഇളവ് നേടാതെയും ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയ ജോക്കോവിച്ചിനെ ഓസ്ട്രേലിയൻ സർക്കാർ നാടുകടത്തി ദിവസങ്ങൾക്കുള്ളിലാണ് ഈ വിവരം പുറത്തുവരുന്നത്.


ഡാനിഷ് ബയോടെക്ക് കമ്പനിയായ ക്വാൺഡിബയോറെസ് എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകനും 80 ശതമാനം ഓഹരികളുടെ ഉടമയും ജോക്കോവിച്ചാണെന്ന് കമ്പനി സി.ഇ.ഒ ഇവാൻ ലോൻകാറെവിച്ചാണ് വെളിപ്പെടുത്തിയത്. റോയിറ്റേഴ്സിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ജോക്കോവിച്ചിന്റെ ഭാര്യ ജെലേനയുടെ പേരിലും കമ്പനിയിൽ ഓഹരികളുണ്ടെന്നും ലോൻകാറെവിച്ച് വ്യക്തമാക്കി.

2020 ജൂണിലാണ് ജോക്കോവിച്ച് ഈ കമ്പനിയിൽ നിക്ഷേപം നടത്തുന്നത്. ക്വാൺഡിബയോറെസിന്റെ 11 ഗവേഷകർ ഡെൻമാർക്ക്, ഓസ്ട്രേലിയ, സ്ലൊവേനിയ, ബ്രിട്ടൻ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. വാക്സിൻ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന കമ്പനിയല്ല ഇതെന്നും മറിച്ച് കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ മാർഗങ്ങൾക്കാണ് കമ്പനി ഊന്നൽ കൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


നേരത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ ഈ മാസം അഞ്ചിന് മെൽബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ പിടികൂടി വിസ റദ്ദാക്കിയിരുന്നു. തുടർന്ന്, അഭയാർഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. കോവിഡിനെതിരായ വാക്സിൻ സ്വീകരിക്കാതെയാണ് ജോക്കോ എത്തിയത്. വാക്സിനേഷനിൽ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകളും ഹാജരാക്കാനായില്ല. ഇതിനെതിരേ കോടതിയെ സമീപിച്ച ജോക്കോ അനുകൂലവിധി സമ്പാദിച്ചു. വിസ പുനഃസ്ഥാപിച്ചുകിട്ടി. പിന്നാലെ മോചിതനായ ജോക്കോ പരിശീലനവും തുടങ്ങി.

എന്നാൽ, പ്രത്യേകാധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ കുടിയേറ്റമന്ത്രി വിസ വീണ്ടും റദ്ദാക്കുകയായിരുന്നു. വാക്സിനെടുക്കാത്ത ജോക്കോയെ പൊതുസമൂഹത്തിന് ഭീഷണിയായും പ്രഖ്യാപിച്ചു. കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി. ഇതിനെതിരേ താരം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, മൂന്നംഗ ഫെഡറൽ കോടതി ജോക്കോയുടെ അപ്പീൽ തള്ളി. ഇതോടെയാണ് താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തിയത്. ഇനി മൂന്നു വർഷത്തേക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കാനുമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!