പാകിസ്താന് ബാലിസ്റ്റിക് മിസൈല്‍ ടെക്നോളജി നല്കിയ മൂന്ന് ചൈനീസ് കമ്ബനികള്‍ക്ക് യു.എസ് ഉപരോധം

വാഷിങ്ടണ്‍: പാകിസ്താന് ബാലിസ്റ്റിക് മിസൈല്‍ ടെക്നോളജി നല്കിയ മൂന്ന് ചൈനീസ് കമ്ബനികള്‍ക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്. പാകിസ്താന് ഏറ്റവും കൂടുതല്‍ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയാണ്. ബാലിസ്റ്റിക് മിസൈല്‍ നിർമിക്കാനുള്ള സാങ്കേതിക വിദ്യയാണ് ചൈനീസ് കമ്ബനികള്‍ കൈമാറിയത്. ദീർഘദൂര മിസൈല്‍ നിർമിക്കാനുള്ള സാങ്കേതി വിദ്യകളും കൂട്ടത്തിലുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വ്യക്തമാക്കി. സിയാൻ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ്, ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷനല്‍ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ്, ബെലറൂസിലെ മിൻസക് വീല്‍ ട്രാക്റ്റർ പ്ലാന്റ് എന്നീ കമ്ബനികള്‍ക്കാണ് യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. ഈ കമ്ബനികള്‍ പാകിസ്താന് ആയുധങ്ങള്‍ നിർമിക്കാനുള്ള ഉപകരണങ്ങള്‍ വൻതോതില്‍ വിതരണം ചെയ്യുകയോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ നടത്തുകയോ ചെയ്തതായി വിവരം ലഭിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ആശങ്കാജനകമായ ഇത്തരം നടപടികള്‍ ഒരിക്കലും തുടരാൻ സമ്മതിക്കില്ലെന്നും മില്ലർ വ്യക്തമാക്കി. മിൻസക് വീല്‍ ട്രാക്റ്റർ പ്ലാന്റ് പാകിസ്താന് ദീർഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കുള്ള പ്രത്യേക വാഹനം നല്കി. സിയാൻ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ് ദീർഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കായി ഫിലമെന്റ് വൈൻഡിങ് മെഷീൻ ഉള്‍പ്പെടെയുള്ള വിതരണം ചെയ്തു. പാകിസ്താന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷനല്‍ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ് വിതരണം ചെയ്തത്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രൊപ്പല്ലൻ്റ് ടാങ്കുകള്‍ നിർമിക്കാനടക്കമുള്ള ഉപകരണങ്ങളില്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് യു.എസ് കണ്ടെത്തല്‍.

