KSDLIVENEWS

Real news for everyone

‘അധികാരം കിട്ടിയാല്‍ എല്ലാ അഭയാര്‍ഥികളെ നാടുകടത്തും’; ദേശീയവാദമുയര്‍ത്തി ഉര്‍ദുഗാന്റെ എതിരാളി കമാല്‍ കിലിജദാര്‍ഒഗ്‌ലു

SHARE THIS ON

ഇസ്തംബുള്‍: അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള നിലപാടുമായി ദേശീയവാദമുയര്‍ത്തി തുര്‍ക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എതിരാളിയായ കമാല്‍ കിലിജദാര്‍ഒഗ്‌ലു. അയല്‍രാജ്യമായ സിറിയയില്‍നിന്നുള്‍പ്പെടെ കുടിയേറിയ ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ നാടുകടത്തുമെന്നാണ് കമാല്‍ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയര്‍ത്തിക്കാട്ടുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഞ്ച് ശതമാനം വോട്ടിന് ലീഡ് നേടിയിരുന്നു. രണ്ടാം സ്ഥാനത്താണ് കിലിജദാര്‍ഒഗ്‌ലുവുള്ളത്. മേയ് 28നാണ് രണ്ടാം ഘട്ട മത്സരം. രാജ്യത്ത് അനധികൃതമായി കുടിയേറാന്‍ അഭയാര്‍ഥികള്‍ക്ക് അവസരം നല്‍കുകയാണ് നിലവിലെ ഗവണ്‍മെന്റെന്ന് കിലിജദാര്‍ഒഗ്‌ലു കുറ്റപ്പെടുത്തി. നിലവില്‍ 10 മില്യണ്‍ അഭയാര്‍ത്ഥികളുള്ള രാജ്യത്തേക്ക്‌ അവരുടെ തുറന്ന അതിര്‍ത്തി നയം 10 മില്യണ്‍ അഭയാര്‍ത്ഥികളെ കൂടി എത്തിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. താന്‍ പ്രസിഡന്‍റായാല്‍ എല്ലാ അഭയാര്‍ത്ഥികളെയും ഉടന്‍ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുമെന്ന് കമാല്‍ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള കടുത്ത അഭയാര്‍ഥി വിരുദ്ധ നിലപാട് വോട്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണ കാര്യമായ സാധ്യതയില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റില്‍ ഉര്‍ദുഗാന്റെ കക്ഷി നേരത്തേ മേധാവിത്വം ഉറപ്പാക്കിയ സാഹചര്യത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് എളുപ്പം ജയിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 8.5 കോടി ജനസംഖ്യയുള്ള രാജ്യത്ത് അഭയാര്‍ഥികളുടെ സംഖ്യ മൂന്നു കോടി കവിയുമെന്നാണ് കിലിജദാര്‍ഒഗ്‌ലുവിന്റെ ആരോപണം. ആറു പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് കിലിജദാര്‍ഒഗ്‌ലു മത്സരിക്കുന്നത്. 2011ല്‍ ബശ്ശാര്‍ അല്‍ അസദ് നടത്തിയ അതിക്രമങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് അയല്‍രാജ്യമായ തുര്‍ക്കിയിലേക്ക് പലായനം ചെയ്തിരുന്നത്. നിലവില്‍ നാലു മില്യണ്‍ അംഗീകൃത അഭയാര്‍ത്ഥികള്‍ തുര്‍ക്കിയിലുണ്ടെന്നും ഈ കൂട്ടത്തില്‍ 3.5 മില്യണ്‍ പേര്‍ സിറിയയില്‍ നിന്നെത്തിയവരാണെന്നും അഭിയാര്‍ത്ഥി നിരീക്ഷകനായ മുറാത് ഉര്‍ദുഗാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!