KSDLIVENEWS

Real news for everyone

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മരിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍

SHARE THIS ON

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മരിച്ചതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവരുന്നത്.

ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി.


മൂന്നു ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്റർ എത്തിയിട്ടില്ലെന്ന് മറ്റൊരു മാധ്യമമായ ‘ഷർഗ്’ അറിയിച്ചിരുന്നു.

1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നശേഷമാണ് പ്രസിഡൻറായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!