KSDLIVENEWS

Real news for everyone

ഐപിഎലിൽ കണ്ണെറിഞ്ഞ് അംബാനി; ലക്ഷ്യം കാശിറക്കി കോടികൾ സൃഷ്ടിക്കൽ

SHARE THIS ON

പണക്കൊഴുപ്പിന്റെ പൂരമാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. താരങ്ങളുടെ ശമ്പളവും പരസ്യവരുമാനവുമെല്ലാം ചേർന്ന് കോടികളാണ് ഓരോ സീസണിലും ഐപിഎലിൽ മറിയുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരും ബോളിവുഡ് താരങ്ങളും വമ്പൻ കമ്പനികളുമെല്ലാം ഒരു മടിയും കൂടാതെ ഐപിഎലിൽ പണമെറിയുന്നു. ഐപിഎലിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ടെലിവിഷൻ അവകാശം ഡിസ്നി സ്റ്റാറും (സ്റ്റാർ സ്പോർട്സ്) ഡിജിറ്റൽ അവകാശം റിലയൻസിന്റെ നിയന്ത്രണത്തിലുള്ള വയാകോം18നും (വൂട്ട് ആപ്) കഴിഞ്ഞ ദിവസം റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ സംപ്രേഷണ മൂല്യം ടെലിവിഷൻ മൂല്യത്തെ കടത്തിവെട്ടിയ ലേലത്തിലൂടെ ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഡിസ്നി സ്റ്റാർ 23,575 കോടി രൂപയ്ക്കു ടെലിവിഷൻ അവകാശം സ്വന്തമാക്കിയപ്പോൾ, 23,758 കോടി രൂപയ്ക്കാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയൻസ് ഡിജിറ്റൽ അവകാശം നേടിയത്. ഇതിനു പുറമേ വയാകോം18 ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യുകെ മേഖലകളിലെ സംപ്രേഷണാവകാശവും നേടി. യുഎസ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ സംപ്രേഷണാവകാശം ടൈം ഇന്റർനെറ്റിനാണ്. കണക്കുകൾ പ്രകാരം, അ‍ഞ്ച് വർഷത്തേയ്ക്ക് ഡിജിറ്റർ അവകാശം സ്വന്തമാക്കിയ ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക് ആദ്യത്തെ മൂന്നു വർഷമെങ്കിലും നഷ്ടം നേരിടേണ്ടിവരും. ടെലിവിഷൻ അവകാശം സ്വന്തമാക്കിയ ഡിസ്നി സ്റ്റാറിനും മാർക്കറ്റിങ്ങിലും പരസ്യത്തിലും പണം നിക്ഷേപിക്കുകയും മറ്റു ചില ഹോസ്റ്റിങ് ചാർജുകൾ വഹിക്കേണ്ടി വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, ഐപിഎലിൽ കാശ് എറിയുന്നത് ഈ കമ്പനികൾക്ക് 

സാമ്പത്തികമായി അത്ര ലാഭമുണ്ടാക്കുന്നതല്ല. എന്നിട്ടും എന്തിനാണ് ഈ ലീഗിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഉൾപ്പെടെ കണ്ണെറിയുന്നത്?

∙ ഇപിഎലിനെ പിന്നിലാക്കി ഐപിഎൽ

റെക്കോർഡ് തുകയ്ക്ക് സംപ്രേഷണ അവകാശം വിറ്റതോടെ അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവുമധികം സംപ്രേഷണ മൂല്യമുള്ള മത്സരമായി ഐപിഎൽ മാറി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് (ഇപിഎൽ) ഫുട്ബോളിനെയും മേജർ ലീഗ് ബേസ്ബോളിനെയുമാണ് വെറും 15 വർഷം മാത്രം പഴക്കമുള്ള ഐപിഎൽ മറികടന്നത്. ഇന്ത്യയിലെ ഡിജിറ്റൽ– ടിവി സംപ്രേഷണത്തിനായി രണ്ടു വ്യത്യസ്ത കമ്പനികൾ വരുന്നത് ആദ്യമായാണ്. 2008 മുതൽ 10 വർഷം സോണിക്കു ടെലിവിഷൻ അവകാശം മാത്രമാണുണ്ടായിരുന്നത്. 2018 മുതൽ 2022 വരെ ടിവി, ഡിജിറ്റൽ സംപ്രേഷണം ഒരുമിച്ചാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ ഡിജിറ്റലിലും ടിവിയിലും രണ്ടു സംപ്രേഷണ കമ്പനികൾ വരുന്നതിലൂടെ മത്സരം കടുക്കും.

ശതകോടീശ്വരന്മാരെ 'സൃഷ്ടിച്ച്' മോദിസർക്കാർ, ദരിദ്രരും കൂടി; ധനികർക്കെന്താ നികുതിയില്ലേ?

2018ൽ ഡിജിറ്റൽ, ടിവി വിഭാഗത്തിൽ വ്യത്യസ്ത ലേലങ്ങൾ നടന്നെങ്കിലും സംയുക്ത ബിഡിൽ (16,348 കോടി) ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഒന്നിച്ചു സ്റ്റാർ ഇന്ത്യയ്ക്ക് നൽകുകയായിരുന്നു. അന്ന് ഡിജിറ്റലിൽ ഉയർന്ന ബിഡ് നൽകിയത് ഫെയ്സ്ബുക്കും (3,900 കോടി) ടിവിയിൽ നൽകിയത് സോണിയുമായിരുന്നു (11,050 കോടി). ഐപിഎലിന്റെ ഡിജിറ്റൽ വ്യൂവർഷിപ്പ് 2020ൽ 32.7 കോടിയായിരുന്നത് കഴിഞ്ഞ വർഷം 42.1 കോടിയായി ഉയർന്നിരുന്നു. ടിവി വ്യൂവർഷിപ് ആകട്ടെ 46.2 കോടിയിൽ നിന്ന് 38 കോടിയായി കുറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനിടെ ഏകദേശം 410 മത്സരങ്ങൾ ഉണ്ടാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. ഒരു മത്സരത്തിന്റെ ശരാശരി മൂല്യം ഏകദേശം 118 കോടി രൂപയാണ്. 2018 മുതൽ സംപ്രേഷണാവകാശം കയ്യിലുള്ള സ്റ്റാർ ഇന്ത്യ ടെലിവിഷൻ അവകാശം നിലനിർത്തിയെങ്കിലും ‘ഹോട്ട്സ്റ്റാർ’ വഴിയുള്ള ഡിജിറ്റൽ സംപ്രേഷണം നഷ്ടമായി. ഡിജിറ്റൽ അവകാശം നേടിയ വയാകോമിന് വൂട്ട് ആപ്പിനു പുറമെ റിലയൻസിന്റെ ജിയോ ടിവി വഴിയും സംപ്രേഷണം നടത്താം.

bcci-bidding

∙ അതുക്കും മേലെ ഡിജിറ്റൽ

ഇന്ത്യയിലെ ടെലിവിഷൻ രംഗത്തെ വമ്പന്മാരിൽ ഒന്നാണ് വയാകോം18. ഒന്‍പതു ഭാഷകളിലായി ആകെ 38 ചാനലുകളാണ് കമ്പനിക്കുള്ളത്. ഇതു കൂടാതെ രാജ്യാന്തര മാധ്യമ സ്ഥാപനമായ പാരാമൗണ്ട് ഗ്ലോബലിനും വയാകോമിൽ ഓഹരിയുണ്ട്. എന്നിട്ടും ഐപിഎലിന്റെ ടെലിവിഷന്റെ സംപ്രേഷണം വാങ്ങിക്കാതെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാനാണ് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം മത്സരിച്ചത്. ടിവിക്കും മേലെ ഡിജിറ്റൽ രംഗത്ത് മുകേഷ് അംബാനി കണ്ട നേട്ടമെന്താണ്? ലേലത്തിന്റെ തുടക്കത്തിൽ ടെലിവിഷൻ അവകാശത്തിനായും വയാകോം18 മത്സരിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിനുശേഷം പിന്മാറുകയായിരുന്നു. പിന്നീട് ഡിജിറ്റൽ അവകാശം സ്വന്തമാക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. അതിൽ വിജയിക്കുകയും ചെയ്തു. മാർക്കറ്റിങ്, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം അടുത്ത അഞ്ച് വർഷത്തിൽ ഡിജിറ്റലിലെ പരസ്യവരുമാനം ടെലിവിഷനിലെ അപേക്ഷിച്ചു നാലിരട്ടി കൂടുതലായിരിക്കും.

Mukesh Ambani

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച അംബാനിയുടെ തന്നെ ജിയോ ഇൻഫോകോം ലിമിറ്റഡ് കമ്പനിക്കുള്ള ഒരു ‘ബൂസ്റ്റർ ഡോസ്’ കൂടിയാണ് ഐപിഎൽ. ഉപയോക്താക്കളെ കൂടുതൽ സ്മാർട്ട് ഫോണ്‍ ആവാസവ്യവസ്ഥയിൽ പിടിച്ചിരുത്തേണ്ടത് കമ്പനിയുടെ കുതിപ്പിനു നിർണായകമാണ്. വിനോദരംഗത്തെയും ഇ–കൊമേഴ്സ് മേഖലയെയും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണു ലക്ഷ്യമെന്ന് അംബാനി നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാത്രമല്ല, ടെലിവിഷൻ അവകാശം സ്വന്തമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതിലൂടെ കോടിക്കണക്കിന് ഡോളറാണ് റിലയൻസ് ലാഭിച്ചത്. 5ജി സ്പെക്ട്രത്തിനായി ഇന്ത്യയിൽ വരാനിരിക്കുന്ന ലേലത്തിൽ കമ്പനിയുടെ സാധ്യതകൾ ഈ ഫണ്ട് വർധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഐപിഎലിലൂടെ കിട്ടുന്ന കോടിക്കണക്കിന് സബ്സ്ക്രൈബേഴ്സും ജിയോയുടെ അതിവേഗ ഇന്റർനെറ്റിന്റെ ഉപയോക്താക്കളും എല്ലാം ചേരുമ്പോൾ അംബാനിയുടെ ലാഭം കുതിച്ചുയർന്നേക്കും.

∙ പിന്മാറി ആമസോൺ

ഇ–കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോൺ ഇന്ത്യയിലെ ഡിജിറ്റൽ സ്ട്രീമിങ് രംഗത്തും പിടിമുറുക്കിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള ഒടിടി പ്ലാറ്റഫോമുകളിൽ ഒന്ന് ആമസോണിനു സ്വന്തമാണ്. എന്നിട്ടും കോടിക്കണക്കിനു കാഴ്ചക്കാരുള്ള ഐപിഎലിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കുന്നതിൽനിന്ന് ആമസോൺ പിന്മാറി. അതിനുള്ള കാരണവും ആമസോൺ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

CRICKET-IND-IPL-FANTASY-INDIA

ഇ–കൊമേഴ്സ് രംഗത്തുതന്നെ കൂടുതൽ മുതൽമുടക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് ആമസോൺ ഇന്ത്യയുടെ പുതിയ മേധാവി മനീഷ് തിവാരി പറയുന്നു. ഇന്ത്യയിലെ വൻ നഗരങ്ങൾക്കപ്പുറത്തേക്ക്, ഗ്രാമപ്രദേശങ്ങളിലെ സമ്പന്നരും ഇംഗ്ലിഷ് സംസാരിക്കാത്തവരും ഉൾപ്പെടുന്ന പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നിടത്താണ് വളർച്ചയുടെ അടുത്തഘട്ടമെന്ന് തിവാരി പറയുന്നു. അതിന് ഇ–കൊമേഴ്സ് മേഖലയാകും കൂടുതൽ ഗുണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!