പ്രഖ്യാപനം എത്തി, ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍

പോർച്ചുഗീസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാകും. ഇത് സംബന്ധിച്ച് ക്ലബ് തീരുമാനം എടുത്തതായി ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഹാരി മഗ്വയറെ കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആം ബാൻഡ് അണിയുമെന്ന് നേരത്തെ തന്നെ ഏതാണ്ട് ഉറപ്പായിരുന്നു. ശനിയാഴ്ച നടക്കുന്ന ആഴ്സനലിനെതിരായ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ ഔദ്യോഗികമായി നയിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ വൈസ് ക്യാപ്റ്റനാണ് 28കാരനായ ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും യുണൈറ്റഡിനെ നയിച്ചത് പോർച്ചുഗീസ് താരമായിരുന്നു. റെഡ് ഡെവിൾസിന്റെ ആരാധകർക്ക് ഇടയിലും ബ്രൂണോ ഫെർണാണ്ടസിന് വലിയ സ്വാധീനമുണ്ട്. മൈതാനത്ത് മികച്ച നേതൃപാടവം കാണിക്കുന്ന ബ്രൂണോ ടീമിന് അനുകൂലമായ തീരുമാനങ്ങൾ നേടിയെടുക്കാൻ മിടുക്കനാണ്. 2020ൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗ് ലിസ്ബണിൽ നിന്നാണ് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. യുണൈറ്റഡിനായി 124 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടിയിട്ടുണ്ട്. റെഡ് ഡെവിൾസിന്റെ പ്ലേ മേക്കർ റോളിൽ തിളങ്ങുന്ന താരമാണ് ബ്രൂണോ ഫെർണാണ്ടസ്. കാസെമിറൊ, മാർക്കസ് റാഷ്ഫോഡ്, റാഫേൽ വരാൻ എന്നീ താരങ്ങളുടെ പേരും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു

