മെസ്സിയെ അനങ്ങാൻ വിട്ടില്ല, ‘ഓൺ ടാർഗറ്റ് ഷോട്ട്’ ഇല്ലാതെ നാണക്കേടിലായി അർജന്റീന, വെടിപ്പായി പണി തീർത്ത് സ്പെയിൻ

ആകെ ഗോളവസരങ്ങൾ രണ്ട്, ഓൺ ടാര്‍ഗറ്റ് ഷോട്ടുകൾ പൂജ്യം, ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം മുതൽ ഇങ്ങോട്ട് എല്ലാ മത്സരങ്ങളും ജയിച്ചുവന്ന നിലവിലെ ലോകചാംപ്യന്‍മാർ ഫൈനലിൽ നടത്തിയ ‘പ്രകടനമാണ്’ ഇതെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അർജന്റീന– സ്പെയിൻ ലോകകപ്പ് ഫൈനലിൽ മെസ്സിപ്പടയുടെ കളി കണ്ടവർ കണ്ണുംപൂട്ടി വിശ്വസിക്കും. ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ ആരാധക പിന്തുണയേറെയുള്ള ടീമുകളെല്ലാം വിവിധ ഘട്ടങ്ങളിൽ തോറ്റുപുറത്തായപ്പോഴും അർജന്റീന നിരാശരാക്കിയില്ല. ഓരോ വിജയം കഴിയുമ്പോഴും വീണ്ടും വീണ്ടും മെച്ചപ്പെട്ടു വന്ന അർജന്റീന ഫൈനലിൽ മെസ്സിക്കൊരു രണ്ടാം കപ്പ് നേടിക്കൊടുക്കുമെന്നു പ്രതീക്ഷിച്ചു. എന്നാൽ എന്താണു സംഭവിച്ചത്? ഇതിനായിരുന്നോ ഇത്ര വരെ എത്തിച്ചത്? അർജന്റീന ആരാധകർ ചോദിച്ചുപോകുകയാണ്.
ഫൈനൽ പോരാട്ടത്തിന്റെ എല്ലാ തലത്തിലും നിയന്ത്രണം നഷ്ടമായപ്പോള്‍, എന്‍സോ ഫെർണാണ്ടസിനു ലഭിച്ച റെഡ് കാർഡ് കൂടിയായപ്പോൾ ശുഭം. ഇതിഹാസ താരം ലയണൽ മെസ്സിയെ സ്പാനിഷ് പ്രതിരോധം അടപടലം പൂട്ടിയ പോരാട്ടത്തില്‍ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ രക്ഷാ പ്രവർത്തനമാണു തോൽവി ഭാരം കുറച്ചത്. അതേസമയം 2010ന് ശേഷം ലാ റോഹയ്ക്ക് വീണ്ടും കിരീട ധാരണം. യുവേഫ നേഷൻസ് ലീഗും യൂറോ കപ്പും ജയിച്ചു വരുന്ന സ്പെയിന്‍ എങ്ങനെ സെമി ഫൈനലിൽ ഫ്രാൻസിനെ തടഞ്ഞോ, അതിലും വൃത്തിയിൽ അർജന്റീനയെയും ഒന്നുമല്ലാതാക്കിയിട്ടുണ്ട്.
ഗോളില്ലാ ആദ്യ പകുതി
ആദ്യ പകുതിയിൽ അർജന്റീനയെയും മെസ്സിയെയും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽനിന്ന് സ്പെയിൻ തടഞ്ഞു. സ്പെയിന്‍ മൂന്ന് ഗോളവസരങ്ങളും രണ്ട് ഓൺ ടാർഗറ്റ് ഷോട്ടുകളുമാണ് ആദ്യ പകുതിയിൽ അടിച്ചത്. പാസുകളിലും പന്തടക്കത്തിലും മുന്നിലെത്താനും സ്പെയിനു സാധിച്ചു. എന്നാൽ ലയണൽ മെസ്സിയുൾപ്പടെയുള്ള അർജന്റീന അറ്റാക്കിങ് നിര ആദ്യ പകുതിയിൽ പൂർണമായും നിറം മങ്ങി. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ അർജന്റീന താരം നിക്കോ ഗോൺസാലസിനെതിരെ സ്പാനിഷ് താരം പെഡ്രോ പോറോയുടെ ഫൗളോടെയാണ് മത്സരം ചൂടുപിടിച്ചത്. മത്സരത്തിന്റെ ആദ്യ ഗോൾ ശ്രമം സ്പെയിനിൽനിന്നായിരുന്നു. അഞ്ചാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കടന്നു കയറിയ സ്പാനിഷ് താരം ലമീൻ യമാലിന്റെ ഗോൾ ശ്രമം. താരത്തിന്റെ ഷോട്ട് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് പിടിച്ചെടുത്തു. ലിസാൻഡ്രോ മാര്‍ട്ടിനസിന്റെ ഇടപെടലിൽ ഗതിമാറിയാണ് പന്ത് ഗോളിയുടെ നിയന്ത്രണത്തിലായത്.
മത്സരത്തിന്റെ ആദ്യ 10 മിനിറ്റുകളിൽതന്നെ പൊസഷനിൽ സ്പെയിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. 14-ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് താരം ദാനി ഓൽമോയ്ക്കെതിരെ അർജന്റീന താരം അലക്സിസ് മാക് അലിസ്റ്ററുടെ ഫൗൾ. താരം ചികിത്സ തേടിയ ശേഷം കളി തുടർന്നു. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ 29–ാം മിനിറ്റിൽ സ്പാനിഷ് താരം ലമീൻ യമാലിനെ അർജന്റീനയുടെ തഗ്ലിയാഫിക്കോ ഫൗൾ ചെയ്തു വീഴ്ത്തി. 33–ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററിനെ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഫൗൾ ചെയ്തു വീഴ്ത്തി. ഫ്രീകിക്കിൽനിന്നുള്ള അർജന്റീനയുടെ നീക്കം സ്പാനിഷ് താരങ്ങള്‍ അനായാസം പരാജയപ്പെടുത്തി.
39–ാം മിനിറ്റിൽ വീണ്ടും സ്പെയിനിന്റെ ഗോൾ ശ്രമം. അർജന്റീന ബോക്സിനു മുന്നിൽനിന്ന് പന്തു ലഭിച്ച ഒയർസബാൽ പോസ്റ്റിന്റെ മധ്യ ഭാഗത്തേക്ക് ഷോട്ടെടുത്തെങ്കിലും, അർജന്റീന ഗോളി മാർട്ടിനസ് ഡൈവ് ചെയ്തു പിടിച്ചു. സ്പാനിഷ് താരം ഒയർസബാലിനെ വീഴ്ത്തിയതിന് ലിസാൻഡ്രോ മാർട്ടിനസിന് യെല്ലോ കാർഡ് ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ മാർട്ടിനസിനെ പിന്‍വലിച്ച അർജന്റീന പരിശീലകൻ ലയണൽ സ്കലോനി പകരക്കാരനായി നിക്കോളാസ് ഓട്ടമെൻഡിയെ ഇറക്കി. ആദ്യ പകുതിയിൽ അനുവദിച്ച നാലു മിനിറ്റ് അധിക സമയം കൂടി അവസാനിച്ചതോടെ മത്സരം ഗോൾ രഹിത സമനിലയിൽ തുടർന്നു.
ചുവപ്പു കാർഡ്, വിജയ ഗോൾ, നാടകീയം വിജയം
രണ്ടാം പകുതിക്കു മുൻപേ സബ്സ്റ്റിറ്റ്യൂഷനുകൾ നടപ്പാക്കിയിട്ടും അർജന്റീനയുടെ കളിയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. 46–ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്ന് സ്പാനിഷ് താരം അലക്സ് ബെന എടുത്ത ഷോട്ട് അർജന്റീന ഗോളി സേവ് ചെയ്തു. 52–ാം മിനിറ്റിൽ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ലിയാൻഡ്രോ പെരേഡസ് തള്ളിയിട്ടതിന്റെ പേരില്‍ തുടങ്ങിയ തർക്കം താരങ്ങൾ തമ്മിലുള്ള ഉന്തും തള്ളിലുമാണ് കലാശിച്ചത്. 60–ാം മിനിറ്റിൽ സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്ത്തിയതിന് അർജന്റീന താരം ലിയാൻഡ്രോ പെരെഡസിനെതിരെ ഫൗൾ. അപകടകരമായ പൊസിഷനിൽനിന്ന് സ്പെയിന് അനുകൂലമായ ഫ്രീകിക്ക്. ലമീൻ യമാലിന്റെ ഷോട്ട് അർജന്റീന പ്രതിരോധം തട്ടിയകറ്റി.
ADVERTISEMENT
GO AD-FREE
രണ്ടാം പകുതിയിൽ ഒരുമിച്ച് രണ്ട് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയ സ്പെയിൻ ഗോളിലേക്കുള്ള വേഗത വര്‍ധിപ്പിക്കാനാണു ശ്രമിച്ചത്. മികേൽ ഒയർസബാലും ഫാബിയൻ റൂയിസും പുറത്തുപോയപ്പോൾ പകരക്കാരായി പെദ്രിയും ഫെറാൻ ടോറസും ഇറങ്ങി. 66–ാം മിനിറ്റിൽ പന്തുമായി അർജന്റീന ബോക്സിലേക്ക് ഇരച്ചു കയറിയ ലമീൻ യമാൽ, പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് മനോഹരമായൊരു ബാക്ക് പാസ് ടോറസിലേക്കു നൽകി. താരത്തിന്റെ ഹെഡർ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് കൈപ്പിടിയിലാക്കി. പിന്നാലെ പെദ്രിയും പൗ കുബാർസിയും എടുത്ത നിർണായക ഷോട്ടുകൾ പാടുപെട്ടാണ് അർജന്റീന ഗോൾ കീപ്പർ പ്രതിരോധിച്ചത്.
81–ാം മിനിറ്റില്‍ സ്പാനിഷ് താരം ഐമെറിക് ലപോർട്ടിന്റെ ഗോൾ ശ്രമം. ലമീൻ യമാലിന്റെ ക്രോസിലേക്ക് ഉയർന്നു ചാടിയ ലപോർട്ട് അർജന്റീന ഗോൾ പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോളി എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും രക്ഷകനായി. മത്സരത്തിന്റെ ഇൻജറി ടൈമിലാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അർജന്റീന താരം എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ് ലഭിച്ചു. രണ്ടാം യെല്ലോ കാർഡ് ലഭിച്ച ഫെർണാണ്ടസും അർജന്റീന താരങ്ങളും വാദിച്ചു നോക്കിയെങ്കിലും റഫറി അംഗീകരിച്ചില്ല. ഇതോടെ അർജന്റീന പത്തു പേരായി ചുരുങ്ങി. സ്പെയിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.
അർജന്റീന ബോക്സിനു മുന്നിൽവച്ച് ലിയാൻഡ്രോ പെരേഡസിന്റെ ഫൗൾ. സ്പെയിനിന് അനുകൂലമായ ഫ്രീകിക്കിലെ ലമീൻ യമാലിന്റെ ഷോട്ട് അതിമനോഹരമായി ഗോൾ പോസ്റ്റിലേക്കു വളഞ്ഞു പോയെങ്കിലും ഒരിക്കൽ കൂടി രക്ഷകനായി എമിലിയാനോ മാർട്ടിനെസ്. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. 96–ാം മിനിറ്റിൽ സ്പെയിനിനായി നിക്കോ വില്യംസ് ലക്ഷ്യം കണ്ടതാണ്, പക്ഷേ ഫൗളിന്റെ പേരിൽ റഫറി ഗോള്‍ നിഷേധിച്ചു. ഗോൾ ബിൽഡ് അപിനിടെ അർജന്റീന പോസ്റ്റിനു മുന്നിൽവച്ച് മികേൽ മെറിനോ നിക്കോളാസ് ഓട്ടമെൻഡിയെ ഫൗൾ ചെയ്തതിനാണ് റഫറി ഗോൾ നിഷേധിച്ചത്. ഗോൾ മുഖത്തെ ഓട്ടമെൻഡിയുടെ നാടകമാണെന്ന് സ്പാനിഷ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല.
106–ാം മിനിറ്റിൽ അർജന്റീനയുടെ ഷൂട്ടൗട്ട് മോഹങ്ങളെ തകർത്തെറിഞ്ഞ് സ്പെയിൻ ലീഡെടുത്തു. അർജന്റീനയുടെ ഗോൾ മുഖത്തു ഗോൾ ഏരിയയില്‍നിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ട് ഉതിർത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. സ്കോർ 1–0. മുന്നിലെത്തിയെങ്കിലും രണ്ടാം ഗോളിനുള്ള ശ്രമങ്ങൾ സ്പെയിന്‍ തുടർന്നു കൊണ്ടിരുന്നു. 114–ാം മിനിറ്റിൽ പന്തുമായി ഒറ്റയ്ക്കു മുന്നേറി ഗോളടിച്ച ഫെറാൻ ടോറസ് രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിസിൽ മുഴക്കി. ഗോൾ വഴങ്ങിയതോടെ സമനില പിടിക്കാനായി അർജന്റീന ശ്രമങ്ങൾ നടത്തിനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 117–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിന്റെ എഡ്ജിൽനിന്ന് മെസ്സിയുടെ ഗോൾ ശ്രമം. പ്രതിരോധിക്കാനായി മുന്നില്‍ കയറിനിന്ന സ്പാനിഷ് താരം മികേല്‍ മെറീനോയുടെ മുഖത്താണു പന്തു കൊണ്ടത്. പരുക്കേറ്റ താരം ഗ്രൗണ്ടിൽ വീണു. എക്സ്ട്രാ ടൈമിനും ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ, ഷൂട്ടൗട്ടിലേക്കു കൊണ്ടു പോകാതെ ലോക ജേതാക്കളായി സ്പെയിൻ. തുടർച്ചയായ രണ്ടാം കിരീടം മോഹിച്ച മെസ്സിപ്പടയ്ക്കു കണ്ണീർ മടക്കം.

