സ്പെയിനിന്റെ വിജയാഘോഷത്തിനിടെ ദാരുണ അപകടം: ജലധാര തകര്‍ന്ന് 13-കാരൻ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

സ്പെയിൻ ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ക്കിടെ സിദാദ് റോഡ്രിഗോയില്‍ (സലമാങ്ക) ദാരുണമായ അപകടം.
ആഘോഷത്തിനിടെ ആരാധകർ കയറിനിന്ന ജലധാര തകർന്നു വീണ് 13 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഫൈനലില്‍ അർജന്റീനയെ പരാജയപ്പെടുത്തി സ്‌പെയിൻ വിജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
നഗരത്തിലെ പ്രധാന ആഘോഷ കേന്ദ്രമായ ‘ആർബോള്‍ ഗോർഡോ’ ഫൗണ്ടനില്‍ നൂറുകണക്കിന് ആരാധകർ ഒത്തുകൂടിയിരുന്നു. ആഘോഷം കൊഴുക്കുന്നതിനിടെ, ജലധാരയുടെ മുകള്‍ഭാഗം തകരുകയും അതിനു മുകളില്‍ കയറിനിന്നവർ താഴേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റ 13-കാരനെ ഉടൻ തന്നെ സിദാദ് റോഡ്രിഗോയിലെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച പുലർച്ചെ 12:33-ഓടെയാണ് സിദാദ് റോഡ്രിഗോയിലെ എമർജൻസി സെന്ററില്‍ വിവരം ലഭിച്ചത്. തുടർന്ന് പോലീസ്, ഫയർഫോഴ്സ്, മെഡിക്കല്‍ സംഘം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് കാലിന് ഒടിവുണ്ട്. അപകടം നടന്ന പ്രദേശം പോലീസ് സീല്‍ ചെയ്തു. മരിച്ച കുട്ടിയുടെ കുടുംബത്തിന് മാനസിക പിന്തുണ നല്‍കാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടയിലുണ്ടായ ഈ ദാരുണ സംഭവം സ്‌പെയിനിലാകെ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

