തീർഥാടകർക്ക് ആശ്വാസം: സൗദി ഉംറ മൾട്ടിപ്പിൾ എൻട്രി വിസ, ഒരു വർഷ കാലാവധി, 90 ദിവസം താമസിക്കാം

റിയാദ്: വിദേശ തീർഥാടകർക്ക് ഏറെ ആശ്വാസമേകുന്ന പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ. ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ രാജ്യം അനുവദിച്ചു തുടങ്ങി. ജൂലൈ 19 മുതലാണ് പുതിയ വിസകൾ നൽകിത്തുടങ്ങിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ വിസ സംവിധാനം നിലവിൽ വന്നതോടെ തീർഥാടകർക്ക് ഒരു വർഷത്തിനിടയിൽ പലതവണ സൗദി സന്ദർശിക്കാനും ഉംറ നിർവഹിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.
സൗദി വിഷൻ 2030-െൻറയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിെൻറയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തീർഥാടകരുടെ വരവ് കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പാക്കിയിരിക്കുന്നത്. ഉംറ വിസയുടെ കാലാവധി നേരത്തെയുണ്ടായിരുന്ന 30 ദിവസത്തിൽനിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. ഈ പുതിയ മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് ഒരു വർഷത്തെ മൊത്തം കാലാവധിക്കുള്ളിൽ പരമാവധി 90 ദിവസം വരെയാണ് രാജ്യത്ത് തങ്ങാൻ അനുമതിയുള്ളത്. ഓരോ തവണയും സൗദിയിൽ ചെലവഴിക്കുന്ന ദിവസങ്ങൾ ഈ ആകെ അനുവദിക്കപ്പെട്ട 90 ദിവസത്തിൽനിന്ന് കുറവ് ചെയ്യപ്പെടും.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ‘നുസുക്’ ആപ്പ് വഴി ഉംറ പെർമിറ്റ് എടുത്തിരിക്കണം. ഈ പെർമിറ്റ് തീയതികൾ തിരഞ്ഞെടുത്ത പാക്കേജ് തീയതികളുമായി പൊരുത്തപ്പെടുന്നതായിരിക്കണം. കൂടാതെ യാത്രാ, പ്രവേശന യോഗ്യതാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരിക്കണം. ആദ്യ സന്ദർശനത്തിനായുള്ള നടപടികൾ ആരംഭിക്കുന്നത് ‘നുസുക്’ സിസ്റ്റം വഴിയുള്ള പാക്കേജ് പർച്ചേസിലൂടെയാണ്. ഇതിന് ശേഷം വിസയ്ക്കായി അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ അത് പ്രോസസ്സ് ചെയ്യുകയും വേണം.
യാത്ര പുറപ്പെടുന്നതിന് മുൻപായി തീർത്ഥാടകെൻറ യാത്രാ യോഗ്യതകൾ ഉറപ്പുവരുത്തും. രാജ്യത്ത് എത്തിച്ചേരുമ്പോൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്തുകയും, മടങ്ങുമ്പോൾ അത് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ബാക്കിയുള്ള താമസ കാലയളവ് ഇതിലൂടെ കൃത്യമായി ട്രാക്ക് ചെയ്യപ്പെടും. ഈ വിസ കൈവശമുള്ളവർക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. കൂടാതെ വിസാ കാലാവധിയുള്ള സമയങ്ങളിൽ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.
ഓരോ തവണ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകുമ്പോഴും വിസ സ്റ്റാറ്റസ് താൽക്കാലികമായി നിർജ്ജീവമാകും. അടുത്ത സന്ദർശനത്തിനായി ആവശ്യമായ നിയന്ത്രണ വ്യവസ്ഥകൾ പൂർത്തിയാക്കുമ്പോൾ ഇത് വീണ്ടും സജീവമാകും. എന്നാൽ ഹജ്ജ് സീസണിൽ ഈ വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. എല്ലാ വർഷവും ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 13 വരെയുള്ള കാലയളവിൽ ഈ വിസക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല

