ഉത്രാടപ്പാച്ചിൽ; ഓണ വിപണിയും ഉണർവിൽ; പ്രോട്ടോകോൾ ഉറപ്പാക്കി വ്യാപാരികൾ, വൻ ക്രമീകരണം

കാസർകോട്/ കാഞ്ഞങ്ങാട് ∙ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർജീവമായിരുന്ന കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളിൽ ഇന്നലെ ജനത്തിരക്കേറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി ആയിരങ്ങളാണ് ഇന്നലെ ടൗണിലെത്തിയത്. നാളെ തിരുവോണത്തിനു മുൻപ് എല്ലാമൊരുക്കാനുള്ള ഉത്രാടപ്പാച്ചിലാണിന്ന് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ കടകളിലും തിരക്ക് അനുഭവപ്പെട്ടു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വഴിയോര കച്ചവടം നിയന്ത്രിച്ചിരുന്നെങ്കിലും ലൈസൻസുള്ള കച്ചവടക്കാർക്ക് അനുമതി നൽകി. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ രൂക്ഷമായ ഗതാഗതത്തിരക്കും അനുഭവപ്പെടുന്നുണ്ട്.
കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഓണത്തിരക്ക് ഏറെ . കാസർകോടും തിരക്കു കുറവില്ല. തൃക്കരിപ്പൂർ, കാലിക്കടവ്, വെള്ളരിക്കുണ്ട്, രാജപുരം, ഒടയംചാൽ, പെരിയ, പൊയിനാച്ചി, ചെർക്കള, ബോവിക്കാനം , കുമ്പള, ഉപ്പള, പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഓണവിപണിയിൽ തിരക്കുണ്ട്.
ഓണച്ചന്തകളും സജീവം
പൊന്നോണം ആഘോഷിക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ തുടരുന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന ഇത്തരം മേളകളിലേക്ക് ആളുകളെത്തുന്നുണ്ട്. സർക്കാർ ഓഫിസുകൾക്കു ഇന്നലെ മുതൽ തുടർച്ചയായി 5 ദിവസം അവധിയായതിനാൽ 18നു തന്നെ പല ഓഫിസുകളിലും ഓണമാഘോഷിച്ചു. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓണസദ്യകളും ഓണമത്സരങ്ങളും കുറവാണ്.
കാഞ്ഞങ്ങാട്ട് വൻ ക്രമീകരണം
ഓണത്തിരക്ക് പ്രമാണിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. നഗരത്തിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് നോർത്ത് കോട്ടച്ചേരിയിലടക്കം വിപുലമായ പാർക്കിങ് സൗകര്യമേർപ്പെടുത്തി. നോർത്ത് കോട്ടച്ചേരി മുതൽ പുതിയ കോട്ട വരെ റോഡിന് ഇരുവശവുമുള്ള അനധികൃത വാഹന പാർക്കിങ് നിരോധിച്ചു. നിരോധനം ലംഘിച്ച് വാഹനം പാർക്ക് ചെയ്താൽ നടപടി സ്വീകരിക്കും. ഉത്രാട നാളായ ഇന്ന് തിരക്ക് കൂടാനുള്ള സാധ്യത മുൻപിൽ കണ്ടുള്ള പ്രതിരോധ നടപടികളും നഗരസഭ സ്വീകരിച്ചിട്ടുണ്ട്.
പ്രോട്ടോകോൾ ഉറപ്പാക്കി വ്യാപാരികൾ
ഒന്നര വർഷത്തോളമായി ആഘോഷ സീസണുകൾ നഷ്ടപ്പെട്ട വ്യാപാരികൾ കടകളിലേക്ക് വീണ്ടും ആളുകളെത്തുമ്പോൾ കോവിഡ് നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടോയെന്നു ഉറപ്പു വരുത്താൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. കുട്ടികളുമായി കടകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസറും മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്.
ടൺ കണക്കിന് പച്ചക്കറി
ഓണത്തെ വരവേൽക്കാൻ ഇതര സംസ്ഥാനത്തിന് നിന്ന് ജില്ലയിലെത്തിയത് ടൺ കണക്കിന് പച്ചക്കറി. ജില്ലയിൽ തന്നെ ഒട്ടേറെ പച്ചക്കറി ഹോൾസെയിൽ വ്യാപാരികളുണ്ട്. ഇവരെല്ലാം ടൺ കണക്കിന് പച്ചക്കറികൾ ജില്ലയിലെത്തിക്കും. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഓണത്തിന് മൂന്നിരട്ടി കച്ചവടം നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പച്ചക്കറികളിലെ പ്രധാന ഇനങ്ങൾക്ക് വില അൽപം കൂടുതലാണ്. വില വിവരം: തക്കാളി-24, മുരിങ്ങക്കായ-80, പാവയ്ക്ക-70, കോവയ്ക്ക-60, പച്ചക്കായ-40, കാരറ്റ്-90, ബീറ്റ്റൂട്ട്-50, വെണ്ടയ്ക്ക-60, കക്കിരി-30, നരമ്പൻ-70, ഉള്ളി-30.
മത്സരങ്ങൾ ഓൺലൈനിൽ
കോവിഡ് മാനദണ്ഡ പ്രകാരം ആൾക്കൂട്ട പരിപാടികൾക്ക് അനുമതി ഇല്ലാത്തതിനാൽ ജില്ലയിലെ ക്ലബ്ബുകളും വായനശാലകളും അടക്കമുള്ള സന്നദ്ധ സംഘടനകൾ ഓൺലൈനിലൂടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വീടുകളിൽ പരിപാടി അവതരിപ്പിച്ച് വാട്സാപ് നമ്പറിലേക്ക് അയയ്ക്കും. ഇതിൽ നിന്നു ജേതാക്കളെ കണ്ടെത്തി സമ്മാനം വീടുകളിലെത്തിച്ചു നൽകുകയാണു ചെയ്യുന്നത്. ഇന്നും നാളെയുമായി ജില്ലയിലെ വിവിധയിടങ്ങളിൽ മത്സരങ്ങൾ നടക്കുന്നു.

