പി.വി അന്‍വര്‍ എം.എല്‍.എ വീണ്ടും അപ്രത്യക്ഷനായി; മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

നിലമ്പൂർ: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ വീണ്ടും മണ്ഡലത്തിൽ കാണാനില്ല. അവധിയിൽ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അൻവറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിലമ്പൂർ എം.എൽ.എ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും സ്വിച്ച്ഡ് ഓഫാണ്. ബിസിനസ്സ് ആവശ്യത്തിന് ആഫ്രിക്കയിൽ പോയെന്നാണ് സംശയം. തിരഞ്ഞെടുപ്പിന് മുൻപും മണ്ഡലത്തിൽ എം.എൽ.എ.യുടെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപും സമാനരീതിയിൽ പി.വി അൻവറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പി.വി.അൻവർ ആഫ്രിക്കയിൽ നിന്നും ഫെയ്സ്ബുക്കിലൂടെ ലൈവിൽ വരുകയും സ്വർണ്ണഖനിയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് താനെന്നും അറിയിക്കുകയായിരുന്നു. ശേഷം നാട്ടിലെത്തിയ എം.എൽ.എയ്ക്ക് വലിയ സ്വീകരണമാണ് പാർട്ടിപ്രവർത്തകർ വിമാനത്താവളത്തിൽ നൽകിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അൻവറിനെ വീണ്ടും മണ്ഡലത്തിൽ കാണാനില്ലെന്ന പരാതി വീണ്ടും ഉയരുകയാണ്.
എം.എൽ.എ. മണ്ഡലത്തെ അനാഥമാക്കിയെന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ നിലമ്പൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപിനാഥ് പറയുന്നത്. എന്നാൽ പാർട്ടിയുടെ അനുമതിയോടെ മൂന്ന് മാസത്തെ അവധിയിൽ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം.

