പാലത്തായി കേസ്: പുതിയ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാലത്തായി കേസ് പുതിയ അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തെ മാറ്റാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും പുതിയ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. പുതിയ അന്വേഷണ സംഘം അന്വേഷിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് പുതിയ ഐ.ജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കോടതി നിർദേശിച്ചത്. സംസ്ഥാന പോലീസ് മേധാവിക്കാണ് ഹൈക്കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി പുതിയ അന്വേഷണ സംഘത്തെ രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചു.

