വിഷണ്ണനായി രോഹിത്, നിസംഗനായി കോലി, കണ്ണീരടക്കാനാവാതെ സിറാജ്; നരേന്ദ്രമോദി സ്റ്റേഡിയം ശോകമൂകമായിരുന്നു
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യ ഓസ്ട്രേലിയക്ക് മുന്നില്‍ തലകുനിച്ച് മടങ്ങുന്നു. ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യക്ക് കിരീടപ്പോരാട്ടത്തില്‍ കാലിടറിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിഷണ്ണനായിരുന്നു. രോഹിത്തിന്‍റെ മുഖത്ത് ഇതുവരെ കാണാത്ത ദു:ഖഭാവം.
അതേസമയം ലോകകപ്പില്‍ ടോപ് സ്കോററായിട്ടും സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറി തികച്ച് ലോക റെക്കോര്‍ഡിട്ടും ലോകകപ്പ് മാത്രം സ്വന്തമാക്കാനാവാത്തതിലെ നിരാശയില്‍ വിരാട് കോലി നിസംഗനായി നിന്നു. ടൂര്‍ണമെന്‍റില്‍ ചങ്കു പറിച്ച് പന്തെറിഞ്ഞിട്ടും ഫൈനലില്‍ മാത്രം നിറം മങ്ങിയ മുഹമ്മദ് സിറാജിന് പക്ഷെ കണ്ണീരടക്കാനായില്ല. കുട്ടികളെ പോലെ കരഞ്ഞ സിറാജിനെ സഹതാരം ജസ്പ്രീത് ബുമ്രയെത്തി ആശ്വസിപ്പിച്ചു.
ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്കോററായ കെ എല്‍ രാഹുല്‍ നിരാശയോടെ ഗ്രൗണ്ടില്‍ തലകുനിച്ചിരുന്നു. വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും കെ എല്‍ രാഹുലിന്‍റെ ഭാര്യ അതിയാ ഷെട്ടിയും നിരാശയോടെ വിഐപി ഗ്യാലറിയില്‍ തലകുനിച്ചിരുന്നു.
ഗ്ലെന്‍ മാക്സ്‌വെല്‍ വിജയറണ്‍ കുറിച്ച് വിജയഭേരി മുഴക്കിയപ്പോള്‍ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശയോടെ തലകുനിച്ചു നടന്നു. ഇനിയൊരു ലോകകപ്പില്‍ വിരാട് കോലിയുടെ കവര്‍ ഡ്രൈവോ രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടോ കാണാനാകില്ലെന്ന തിരിച്ചറിവില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം കാണികള്‍ ഒന്നും മിണ്ടാനാവാതെ പരസ്പരം ആശ്വിസിപ്പിക്കാന്‍ പോലുമാകാതെ ഓസീസിന്‍റെ വിശ്വവിജയത്തിന് മൂക സാക്ഷികളായി.
ഫൈനലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ തുടക്കത്തില്‍ തകര്‍ന്നിട്ടും ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറി കരുത്തില്‍ ഓസ്ട്രേലിയ 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓസ്ട്രേലിയയുടെ ആറാം ലോകകിരീടമാണിത്.