ലോകകപ്പ് കിരീടത്തിന് മുകളില്‍ കാല്‍ കയറ്റിവെച്ചിരുന്ന് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനം
അഹമ്മദാബാദ്: ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരുകാലുകളും കയറ്റിവെച്ച് വിശ്രമിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത് പിന്നീട് വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു. മാര്‍ഷിന്റെ നടപടി അനാദരവാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് മാര്‍ഷിന്റെ വിവാദ ചിത്രം പങ്കുവെക്കപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍ ഹോട്ടല്‍മുറിയില്‍ പരസ്പരം ഇരുന്ന് സംസാരിക്കുന്നതിനിടെ എടുത്ത ചിത്രമാണിത്. തനിക്ക് ലഭിച്ച സ്വര്‍ണമെഡല്‍ കഴുത്തില്‍ തൂക്കിയ മാര്‍ഷ് മുന്‍പില്‍വെച്ച ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരുകാലുകളും നീട്ടിവെച്ചിരിക്കുന്ന ചിത്രം പാറ്റ് കമിന്‍സിന്റെ ഇന്‍സ്റ്റ സ്റ്റാറ്റസില്‍ ഇപ്പോഴും ഉണ്ട്.