മുഖ്യമന്ത്രിയടക്കം സഞ്ചരിച്ച ബസിനുനേരെ കണ്ണൂരില്‍ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനം
കണ്ണൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരേ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്തുവെച്ചാണ് സംഭവം. മന്ത്രിമാരുടെ ബസിനുനേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ അവിടെയുണ്ടായിരുന്ന ഇടതുപ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്‍, സുധീഷ് വെള്ളച്ചാല്‍, യൂണിറ്റ് ഭാരവാഹി സജ്ഞു എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. സിപിഎം-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെടിച്ചട്ടിക്കൊണ്ട് മൃഗീയമായി തലയ്ക്കടിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കരിങ്കൊടി കാണിച്ച ചില പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് നേരത്തെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലും സംഘര്‍ഷമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കരുതല്‍ തടങ്കലിലാക്കിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കെയായിരുന്നു സംഘര്‍ഷം. കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മാടായിപ്പാറിയിലെ നവകേരള സദസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഡിവൈഎഫ്ഐക്കാര്‍ പോലീസ് സ്റ്റേഷന് മുന്നിലേക്കെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു എന്നാണ് വിവരം. ചില പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കയറിയെങ്കിലും അവരെ പോലീസ് പിന്തിരിപ്പിച്ചു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുനിന്ന് പകര്‍ത്തിയ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ കൂട്ടമായി മര്‍ദിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ക്രൂരമര്‍ദനം.