യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വിമത; കോട്ടയം നഗരസഭയില്‍ ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ

കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ. കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റിയൻ ഡിസിസിയിൽ എത്തി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. മറ്റൊരു സ്വതന്ത്രൻ എൻഡിഎഫിനെ പിന്തുണയ്ക്കും. ഇതോടെ ഇരുപക്ഷത്തും തുല്യ അംഗങ്ങളായി.
നേരത്തെ ബിൻസി സെബാസ്റ്റ്യൻ എൽഡിഎഫിനെ പിന്തുണച്ചേക്കും എന്ന് വാർത്തകളുണ്ടായിരുന്നു. ഇതോടെ തിരുവഞ്ചൂർ രാധാകൃഷ്ണനും ഉമ്മൻ ചാണ്ടിയും ഇടപെട്ട് ഇവരെ കൂടെ നിർത്തുകയായിരുന്നു. ഇതേ തുടർന്നാണ് ബിൻസി സെബാസ്റ്റിയൻ ഡിസിസിയിൽ എത്തി പിന്തുണ പ്രഖ്യാപിച്ചത്.
നഗരസഭയിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫിന് 22 സീറ്റാണുള്ളത്. യുഡിഎഫിനു 21 സീറ്റും എൻഡിഎയ്ക്ക് എട്ടു സീറ്റുമാണ് ലഭിച്ചത്. ബിൻസി സെബാസ്റ്റിയൻ പിന്തുണ പ്രഖ്യാപിച്ചതോടെ 52 അംഗ നഗരസഭയിൽ ഇരുമുന്നണികളുടേയും അംഗബലം തുല്യമായി. ഇതോടെ നഗരസഭയിൽ നറുക്കെടുപ്പ് വേണമെന്ന നിലയിലായത്.
നഗരസഭ ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ടുവെന്നും അഞ്ച് വർഷത്തേക്ക് നൽകാമെന്ന് ഉറപ്പ് നൽകിയെന്നും കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റിയൻ പറഞ്ഞു. നഗരസഭയിൽ അധ്യക്ഷ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്.